ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കുക പ്രത്യേക വിമാനത്തില്‍. വ്യോമസേനയുടെ പ്രത്യേക വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാവും മൃതദേഹങ്ങള്‍ ജമ്മുകശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിക്കുക.
ഉത്തര്‍പ്രദേശിലെ ഹിന്ദോന്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍നിന്ന് സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഉടന്‍തന്നെ ശ്രീനഗറിലേക്ക് തിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൃതദേഹങ്ങള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചതിന് ശേഷം ജവാന്മാരുടെ സ്വദേശങ്ങളിലേക്ക് വിമാന മാര്‍ഗം എത്തിക്കാനാണ് തീരുമാനം.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരവാദികള്‍ ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഓടിച്ചു കയറ്റുകയായിരുന്നു. 39 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.