ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ എന്‍.ഐ.എ തിരിച്ചറിഞ്ഞു. മാരുതി ഈക്കോ വാഹനമാണ് ജയ്ഷ് ഭീകരൻ ആദിൽ അഹമ്മദ് സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത്.
കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിന്റെ ഉടമ.ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാളെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരി 4നാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്.
ചാവേറാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സഹായം എൻഐഎ തേടിയിരുന്നു.
വാഹനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില നമ്പരുകൾ ലഭിച്ചാൽ അത് എവിടെ നിർമിച്ചതാണെന്നു മനസ്സിലാക്കാം. വാഹനം ഏത് ഡീലർ മുഖേനയാണു വിറ്റതെന്നും കണ്ടെത്താനാകും. ഇങ്ങനെയാണ് വാഹന ഉടമയെ എൻഐഎ തിരിച്ചറിഞ്ഞത്.
അതേസമയം പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്‍ഐഎ കണ്ടെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്.
സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണ് കാർ ഓടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
എന്നാൽ ആക്രമണം നടന്ന ദിവസം തന്റെ വാഹനം മോഷണം പോയിരുന്നതായാണ് ഉടമ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 2010-11 മോഡൽ കാർ പെയിൻ്റ് അടിച്ച് പുത്തനാക്കിയതാണെന്ന് ദൃശ്യങ്ങളിൽ കാണാം.
അറസ്റ്റിൽനിന്ന് രക്ഷപ്പെടുന്നതിന് ഇയാള്‍ നീക്കം നടത്തുന്നതായും എൻഐഎ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ജമ്മു– ശ്രീനഗർ പാതയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിനു നേരെ ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 40 ജവാൻമാർ വീരമൃത്യു വരിച്ചു. ആക്രമണത്തിനു പിന്നിൽ മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദാണെന്നു നേരത്തേ തെളിഞ്ഞിരുന്നു.