പുല്‍വാമ ഭീകരാക്രമണം; കേസില്‍ എന്‍.ഐ.എ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍.ഐ.എ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ് ദര്‍ അടക്കം പതിനൊന്ന് പേരെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം ജമ്മുവിലെ എന്‍.ഐ.എ കോടതിയിലാണ് സമര്‍പ്പിക്കുക. 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് രാജ്യത്തെ നടുക്കിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഒന്നര വര്‍ഷം പിന്നിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ഇന്റലിജന്‍സ് വാദം.

അതിനാല്‍ ജെയ്‌ഷെ മുഹമ്മദിന്റെ പേരും കുറ്റപത്രത്തിലുണ്ടായേക്കും. പുല്‍വാമ സ്വദേശിയായ ചാവേര്‍ ആദിലിന് പുറമെ ഇയാളെ സഹായിച്ച പതിനൊന്ന് പേരാണ് പ്രതികളായിട്ടുള്ളത്. ആക്രമണത്തിന് സഹായിച്ചെന്ന് എന്‍.ഐ.എ സംശയിക്കുന്ന ഒരു സ്ത്രീയും പ്രതിപ്പട്ടികയിലുണ്ട്.

Top