ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച തനിയ്‌ക്കെതിരെ കേസെടുക്കാന്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനാണ് അദ്ദേഹം പറഞ്ഞത്. ട്വീറ്റിലൂടെയായിരുന്നു ദിഗ്വിജയ് സിംഗിന്റെ വെല്ലുവിളി.
വിഷയത്തില്‍ ബിജെപി നേതാക്കള്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വെല്ലുവിളിയുമായി ദിഗ്വിജയ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടില്‍ നടത്തിയ ആക്രമണവുമായ് ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകള്‍ക്കിടെയാണ് കോണ്‍ഗ്രസ്സ് നേതാവ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചത്.
ബാലകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്, ഇവയെല്ലാം മോദി സര്‍ക്കാരിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞിരുന്നു. ഈ ട്വീറ്റുകള്‍ക്കിടെയാണ് ഭീകരാക്രമണത്തെ പുല്‍വാമ അപകടം എന്ന് വിശേഷിപ്പിച്ചത്.
ഇതിനെതിരായാണ് ബിജെപി രംഗത്ത് എത്തിയത്. ‘സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഭീകരാക്രമണത്തെ ദിഗ്‌വിജയ് സിംഗ് വെറും അപകടമായി വിശേഷിപ്പിച്ചുവെന്നാണ് ബിജെപി പറയുന്നത്.
രാജീവ് ഗാന്ധിവധം അപകടമാണോ അതോ ഭീകരാക്രമണമാണോ എന്നാണ് ബിജെപി കേന്ദ്രമന്ത്രിയായ വി.കെ സിങ് ചോദിച്ചത്. കോണ്‍ഗ്രസിന് എന്തുപറ്റിയെന്ന് മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചത്. പൊതുവികാരത്തിനെതിരെ സംസാരിക്കുന്നു, സേനയെ അവിശ്വസിക്കുന്നു, ഇത്തരത്തില്‍ സേനയെ അവിശ്വസിക്കുന്ന രീതി ഒരു ജനാധിപത്യ രാജ്യത്തും ഉണ്ടാകില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞിരുന്നു.