ആക്രമണം നടത്തിയവരെ കണ്ടെത്തി ശക്തമായ നടപടി ;പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യു.എന്‍

ന്യുയോര്‍ക്ക്: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അക്രമണത്തെ അപലപിച്ച്‌ യുഎന്‍ സുരക്ഷാ കൗണ്‍സില്‍.

ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികള്‍ വേണമെന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും കണ്ടെത്തണമെന്നും കുറ്റക്കാരെ കണ്ടെത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളോട് മറ്റ് അംഗരാജ്യങ്ങള്‍ സഹകരിക്കണമെന്നും 15 അംഗ രക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിന്റെ പേരും പ്രമേയത്തിലുണ്ട്. ചൈന ഉള്‍പ്പെടെയുള്ള സ്ഥിരാംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

Top