പഞ്ചിന്റെ സി.എന്‍.ജി. പതിപ്പ് വിപണിയില്‍ എത്തിക്കാനുള്ള നീക്കവുമായി പ്രമുഖ വാഹന ബ്രാന്‍ഡ് ആയ ടാറ്റ. ഓഗസ്റ്റ് മാസത്തോടെ പഞ്ചിന്റെ സി.എന്‍.ജി. പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ വിപണിയില്‍ എത്തിയ അള്‍ട്രോസിന്റെ സി.എന്‍.ജിക്ക് സമാനമായ സാങ്കേതിക സംവിധാനമായിരിക്കും പഞ്ചിലും നല്‍കുകയെന്നാണ് വിലയിരുത്തല്‍. ബുട്ട് സ്‌പേസ് നഷ്ടപ്പെടുത്താത്ത രീതിയില്‍ സി.എന്‍.ജി. ടാങ്കുകള്‍ നല്‍കി എത്തിയതായിരുന്നു അള്‍ട്രോസിന്റെ സവിശേഷത. ഈ സംവിധാനം തന്നെയായിരിക്കും പഞ്ചിലും ഒരുങ്ങുകയെന്നാണ് വിവരം.
30 ലിറ്റര്‍ വീതം കപ്പാസിറ്റിയുള്ള രണ്ട് സി.എന്‍.ജി. ടാങ്കുകളായിരിക്കും പഞ്ചില്‍ നല്‍കുക. ബുട്ട് ഫ്‌ളോറിന്റെ താഴെയായിരിക്കും ടാങ്കിന്റെ സ്ഥാനം. ബൂട്ട് ഫ്‌ളോറില്‍ നല്‍കുന്നതിനാല്‍ തന്നെ സ്റ്റെപ്പിനി ടയര്‍ ഈ വാഹനത്തില്‍ നല്‍കാനിടയില്ല. പകരം പഞ്ചര്‍ കിറ്റായിരിക്കും നല്‍കുകയെന്നാണ് വിലയിരുത്തല്‍. 60 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ടാങ്ക് നല്‍കുന്നതിലൂടെ ബുട്ട് സ്‌പേസില്‍ കാര്യമായ കുറവ് വരുന്നത് പരിഗണിച്ചാണ് 30 ലിറ്റര്‍ കപ്പാസിറ്റിയുള്ള രണ്ട് ടാങ്കുകള്‍ നല്‍കുന്നത്.
മെക്കാനിക്കലായി റെഗുലര്‍ പഞ്ചിന് സമാനമായാണ് സി.എന്‍.ജി. പതിപ്പും എത്തുക. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. ഇത് 77 ബി.എച്ച്.പി. പവറും 97 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ടാറ്റയുടെ മറ്റ് സി.എന്‍.ജി. മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ സി.എന്‍.ജി. മോഡില്‍ തന്നെ ഈ വാഹനവും സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
ഐ-സി.എന്‍.ജി. ബാഡ്ജിങ്ങ് ഒഴിച്ച് നിര്‍ത്തിയാല്‍ ലുക്കില്‍ കാര്യമായ മാറ്റം വരുത്താതെയാണ് സി.എന്‍.ജി. പഞ്ച് എത്തുക. അകത്തളത്തില്‍ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എന്‍ജിന്‍ സ്റ്റോപ്പ്/ സ്റ്റാര്‍ട്ട് ബട്ടണ്‍, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും പഞ്ചിന്റെ സി.എന്‍.ജി. പതിപ്പില്‍ നല്‍കും. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് സി.എന്‍.ജി. പഞ്ചിന്റെ മുഖമുദ്രയായി വിശേഷിപ്പിക്കുന്നത്.