പുണെ: ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാത്സംഗ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഈ സാഹചര്യത്തില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതി വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. പുണെയില്‍ നടക്കുന്ന ഡിജിപിമാരുടേയും ഐജിമാരുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബലാത്സംഗം പോലെയുള്ള ഇത്തരം കുറ്റകൃത്യങ്ങളില്‍ വിചാരണ എളുപ്പത്തിലാക്കാന്‍ ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഓള്‍ ഇന്ത്യന്‍ പോലീസ് യൂണിവേഴ്‌സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൈവരിച്ച നേട്ടങ്ങളെ ആഭ്യന്തരമന്ത്രി യോഗത്തില്‍ പ്രശംസിച്ചു. വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.