പുണെ: പുണെ ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം.ഇന്ത്യയെ 333 റണ്‍സിന് പരാജയപ്പെടുത്തി ഓസീസ് പരമ്പരക്ക് വിജയത്തോടെ തുടക്കം കുറിച്ചു.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍ വീണതിനൊപ്പം റണ്‍സടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയവുമായി ഈ മത്സരം മാറി.
ഓസീസ് മുന്നോട്ടുവെച്ച 441 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കളി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ 107 റണ്‍സിന് എല്ലാവരും പുറത്തായി.
ആദ്യ ഇന്നിങ്‌സിലെ അതേ മികവ് രണ്ടാമിന്നിങ്‌സിലും തുടര്‍ന്ന സ്പിന്നര്‍ സ്റ്റീവ് ഒക്കീഫെക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഒക്കീഫെ രണ്ടിന്നിങ്‌സിലുമായി 12 ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് പുറത്താക്കിയത്.
നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. എട്ടു റണ്‍സെടുക്കുന്നതിനിടയിലാണ് ഇന്ത്യ അവസാന നാല് വിക്കറ്റുകള്‍ കളഞ്ഞത്.
ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും മൂന്നു വിക്കറ്റെടുത്ത ആര്‍.അശ്വിന്റെയും മികവില്‍ ഓസ്‌ട്രേലിയയെ 260 റണ്‍സിന് പുറത്താക്കി ഇന്ത്യ പ്രതീക്ഷയോടെയാണ് കളി തുടങ്ങിയത്.
എന്നാല്‍ ഓസീസ് ഒരുക്കിയ സ്പിന്‍ തന്ത്രത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ മറുപടി ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസ് വിടുകയായിരുന്നു. 64 റണ്‍സെടുത്ത കെ.എല്‍ രാഹുലിന് ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല.
ക്യാപ്റ്റന്‍ വിരാട് പൂജ്യത്തിന് പുറത്തായതടക്കം എട്ടു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങിയത്. അഞ്ചാമത്തെ മാത്രം അന്താരാഷ്ട്ര ടെസ്റ്റ് കളിക്കുന്ന ഇടകൈയന്‍ സ്പിന്നിര്‍ സ്റ്റീവ് ഒക്കീഫെ 13.1 ഓവറില്‍ 35 റണ്‍സ് വഴങ്ങി വീഴ്ത്തിയ ആറു വിക്കറ്റുകള്‍ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.
48 പന്തുകളുടെ അകലത്തില്‍ വെറും 11 റണ്‍സിനിടെയാണ് ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 105 റണ്‍സിലവസാനിച്ചു.
രണ്ടാമിന്നിങ്‌സിലും കളി ബൗളര്‍മാരോടൊപ്പം നിന്നു. 155 റണ്‍സിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 285 റണ്‍സിന് എല്ലാവരും പുറത്തായി.
ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ടിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ പതറിയ ഓസീസിനായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറിയടിച്ച് ചെറുത്ത് നില്‍പ്പ് നടത്തി. അശ്വിന്‍ നാലും ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.