പുണെ : സസ്യഭുക്കുകളായ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സര്‍വകലാശാലയുടെ സ്വര്‍ണമെഡലിന് അര്‍ഹതയുണ്ടാകുകയുള്ളൂവെന്ന് കോളേജ് സര്‍ക്കുലര്‍.
അപേക്ഷകര്‍ മദ്യപാനികളായിരിക്കരുതെന്നും നിര്‍ബന്ധമാണ്. പുണെയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച് വിചിത്രമായ സര്‍ക്കുലറിറക്കിയത്.
യോഗ മഹര്‍ഷി രാമചന്ദ്ര ഗോപാല്‍ ഷെലറിന്റെ പേരില്‍ സര്‍വകലാശാലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിക്ക് എല്ലാ വര്‍ഷവും സ്വര്‍ണമെഡല്‍ നല്‍കാറുണ്ട്. ഇതിലേക്ക് സസ്യഭുക്കുകളായ, മദ്യപാനികളല്ലാത്ത വിദ്യാര്‍ഥികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം.
ഇന്ത്യന്‍ സംസ്‌കാരം, വിശ്വാസങ്ങള്‍, പാരമ്പര്യം എന്നിവ ദൈനംദിന ജീവിതത്തില്‍ തുടര്‍ന്നു വരുന്ന വിദ്യാര്‍ഥികളെ വേണം മെഡലിനു പരിഗണിക്കേണ്ടത്.
നൃത്തം, ഗാനാലാപനം, പ്രസംഗം, അഭിനയം എന്നിവയില്‍ കഴിവുള്ളവരായിരിക്കണം വിദ്യാര്‍ഥികള്‍. യോഗ, പ്രാണായാമ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നവര്‍ക്കു മുന്‍ഗണന നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
ഈ സര്‍ക്കുലര്‍ വര്‍ഷങ്ങളായി പ്രയോഗത്തിലുള്ളതാണെന്നും ഓരോ തവണയും ഇതു പുതുക്കി പുറത്തിറക്കാറുള്ളതുമാണെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.