ബെംഗളുരു: കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത ഉള്‍ക്കൊളളാനാകാതെ ആരാധകര്‍. മരണവാര്‍ത്ത അറിഞ്ഞതോടെ പുനീത് ചികിത്സയില്‍ കഴിഞ്ഞ ബെംഗളുരുവിലെ വിക്രം ആശുപത്രിക്ക് മുന്നില്‍ വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. പരസ്പരം ആലിംഗനം ചെയ്തും തലയില്‍ കൈകൊണ്ട് അടിച്ചും പുനീതിന്റെ, തങ്ങളുടെ പവര്‍സ്റ്റാറിന്റെ പേരുവിളിച്ച് പൊട്ടിക്കരയുകയായിരുന്നു ആരാധകര്‍.
നവംബര്‍ ഒന്നിന് രാജ്യോത്സവത്തിനു വേണ്ടിയുളള ആഘോഷങ്ങള്‍ക്ക് തയ്യാറെടക്കുന്നതിന് ഇടയിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത കന്നഡിഗരുടെ ഹൃദയത്തെ തകര്‍ത്തുകൊണ്ട് വന്നിരിക്കുന്നത്. ബെംഗളുരു നഗരം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അനിഷ്ട സംഭവങ്ങള്‍ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചുകഴിഞ്ഞു.
നഗരത്തിലും പൊലീസ് വിന്യാസം ശക്തമാക്കി കഴിഞ്ഞു. മൃതദേഹം വിലാപയാത്രയായി കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെക്കും. താരത്തെ അവസാനമായി ഒരു നോക്കുകാണാന്‍ റോഡിനിരുവശവും ആരാധകര്‍ നിറഞ്ഞുകഴിഞ്ഞു. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമാലോകവും സങ്കടക്കടലായി മാറിയിരിക്കുകയാണ്.
Fans of #PuneethRajkumar are in tears after hearing the news of their favourite actor's death pic.twitter.com/t2USJe5WiQ
— Bangalore Times (@BangaloreTimes1) October 29, 2021
രാവിലെ പതിനൊന്നരയോടെയാണ് ബെംഗളുരുവിലെ വിക്രം ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പുനീതിനെ പ്രവേശിപ്പിച്ചത്. പുനീത് ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആശുപത്രിക്ക് മുന്നിലും പുനീതിന്റെ വസതിക്കുമുന്നിലും ആരാധകര്‍ തടിച്ചുകൂടി.
മാധ്യമപ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നില്‍ എത്തിയിരുന്നു. ആശുപത്രിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം രൂപപ്പെട്ടതോടെ വന്‍പൊലീസ് സേനയെയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി നിയോഗിച്ചത്. ആശുപത്രിയുടെ കവാടത്തിനുമുന്നില്‍ കയര്‍ കെട്ടിയാണ് ആരാധകര്‍ ആശുപത്രിയില്‍ കയറുന്നത് പൊലീസ് തടഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ചലച്ചിത്ര താരങ്ങളായ യഷ്, ദര്‍ശന്‍, രവിചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.