ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ ശിക്ഷ: നിയമം പരിഷ്കരിച്ച് സൗദി

സൗദി: ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ച് സൗദി. പരിഷ്‌കരിച്ച നിയമം ഷൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം തടയിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. യാചകര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്നതാണ് പുതിയ കരട് നിയമം. കുറ്റകൃത്യം നടത്തി പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവും ഒരുലക്ഷം റിയാല്‍ വരെ പിഴയും ഈടാക്കാന്‍ അനുവാദം നല്‍കുന്നതാണ് നിര്‍ദ്ദേശം.

ഭിക്ഷാടനത്തിലേര്‍പ്പെടുക, യാചകവൃത്തിക്ക് പ്രേരിപ്പിക്കുക, യാചന നടത്തുന്നതിന് പരസ്പരം ധാരണയിലെത്തി സഹായങ്ങള്‍ ഒരുക്കുക എന്നിവ കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ തടവും അന്‍പതിനായിരം റിയാല്‍ വരെ പിഴയും ഒടുക്കേണ്ടി വരും.

ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ വിദേശികളാണെങ്കില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Top