കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലകൂട്ടിയാല്‍ തടവുശിക്ഷ; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് വിലകൂട്ടി വില്‍ക്കുന്നത് തടവു ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍.

എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയീടാക്കിയാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു.

ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍, മള്‍ട്ടിപ്ലക്‌സ് തീയറ്ററുകള്‍ എന്നിവിടങ്ങളില്‍ കുപ്പികളിലാക്കിയ കുടിവെള്ളത്തിന് പരമാവധി വിലയേക്കാള്‍ ഈടാക്കാറുണ്ട്. ഇത് നികുതി വെട്ടിപ്പാണെന്ന് കേന്ദ്രം അറിയിച്ചു.

നിശ്ചിത തുക നല്‍കിയാണ് കുപ്പിവെള്ളം വാങ്ങുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ പരമാവധി വിലയിലോ അതില്‍ താഴെയോ വില്‍ക്കാം.

എന്നാല്‍ എംഎര്‍പിയിലും അധികം തുക ഈടാക്കിയാല്‍ സേവന നികുതി, വില്‍പ്പന നികുതി എന്നിവയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ അധിക തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36-ാം വകുപ്പു പ്രകാരം 25,000 പിഴ ഈടാക്കാം.

കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമാക്കുകയോ ഒരുവര്‍ഷം തടവോ ഇവരണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ പറയുന്നു.

ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് രോഹിങ്ടണ്‍ എഫ്. നരിമാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top