ഡല്‍ഹി: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിന് നികുതി വെട്ടിപ്പ് കേസില്‍ 16 മാസത്തെ തടവു ശിക്ഷ. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കായി കളിച്ചു കൊണ്ടിരുന്ന കാലത്ത് ഒന്നേകാല്‍ ലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
സ്പാനിഷ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അതേസമയം താരത്തിന് ജയിലില്‍ കിടക്കേണ്ടി വരില്ല. ശിക്ഷ രണ്ടു വര്‍ഷത്തില്‍ കുറവ് ആയതിനാലും താരത്തിന്റെ പേരില്‍ ആദ്യമായി റെജിസ്റ്റര്‍ ചെയ്ത കേസ് ആയതുകൊണ്ടും ജയിലില്‍ കിടക്കേണ്ടി വരില്ല. എന്നാല്‍, 728,883 ഡോളര്‍ പിഴ അടയ്‌ക്കേണ്ടി വരും. ഇതിനായി താരത്തിന് രണ്ടു വര്‍ഷത്തെ സമയം നല്‍കിയിട്ടുണ്ട്.
സാഞ്ചസ് കഴിഞ്ഞ മാസമാണ് ആഴ്‌സണലില്‍ നിന്നും മാഞ്ചസ്റ്ററില്‍ എത്തിയത്. നാലര വര്‍ഷത്തേക്കാണ് താരവുമായി ക്ലബ്ബ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.1600 കോടി രൂപയുടെ കരാറിലാണ് സാഞ്ചസ് ഓള്‍ഡ് ട്രാഫൊര്‍ഡില്‍ എത്തിയത്.
നികുതിയുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ വിവാദങ്ങള്‍ സര്‍വസാധാരണമാണ്. ഇതിനു മുന്‍പ് നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് 2016ല്‍ 21 മാസം തടവ് ലഭിച്ചിരുന്നു. എന്നാല്‍ 223,000 പൗണ്ട് നല്‍കി കഴിഞ്ഞ വര്‍ഷം മെസ്സി കേസില്‍ നിന്ന് മോചിതനായി.