കള്ളപ്പണക്കേസില്‍ പഞ്ചാബ് എഎപി എം.എല്‍.എ ഇ.ഡി കസ്റ്റഡിയില്‍

അമര്‍ഗര്‍: കള്ളപ്പണക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് എം.എല്‍.എ ജസ്വന്ത് സിങ് ഗജ്ജന്‍മജ്രയെ ഇഡി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അയച്ച നാല് സമ്മന്‍സുകളും മടക്കിയതോടെയാണ് ഗജ്ജന്‍മാജ്രയെ കസ്റ്റഡിയിലെടുത്തതെന്ന് ഇ.ഡി വ്യക്തമാക്കി.

മലേര്‍കോട്ല ജില്ലയിലെ അമര്‍ഗറില്‍ എഎപി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ജലന്ധര്‍ ഇ.ഡി എം.എല്‍.എയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് അദ്ദേഹത്തെ മൊഹാലി കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം 40.92 കോടിയുടെ ബാങ്ക് തട്ടിപ്പുക്കേസില്‍ സിബിഐ ഗജ്ജന്‍മാര്‍ജയുടെ സ്വത്ത് പരിശോധിച്ചതോടെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു കേസ്.

2022 സെപ്തംബറില്‍ ഗജ്ജന്‍മജ്രയുടെ വീട്ടിലും അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന ഒരു സ്‌കൂളിലും കാലിത്തീറ്റ ഫാക്ടറിയിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.അന്ന് 88 വിദേശ കറന്‍സികളും 16.57 ലക്ഷം രൂപയും ചില രേഖകളും സിബിഐ കണ്ടെത്തിയിരുന്നു.

Top