കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രതാ നിര്‍ദേശം; രാജ്യം ഭീതിയില്‍

JAMMU KASHMEER

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീര്‍ വിടണമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അതേസമയം ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് അധിക സര്‍വ്വീസ് നടത്താന്‍ തയ്യാറായിരിക്കണം എന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. കശ്മീരില്‍ ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീര്‍ താഴ്വരയിലുള്ള അമര്‍നാഥ് സന്ദര്‍ശനത്തിനെത്തിയ വിശ്വാസികളോടും വിനോദസഞ്ചാരികളോടും മടങ്ങിപ്പോകാന്‍ ജമ്മു കാശ്മീര്‍ അധികൃതര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിമാന അധിക സര്‍വീസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.വാര്‍ത്താ ഏജന്‍സിയാണ് ഉന്നത ഡിജിസിഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രാത്രി 8.45 ഓടെ ശ്രീനഗര്‍ വിമാനത്താവളം ഡിജിസിഎ അധികൃതര്‍ വിശദമായി പരിശോധിച്ചു. ഇപ്പോള്‍ അധിക സര്‍വ്വീസ് നടത്തേണ്ടതില്ലെന്നാണ് നിഗമനം. എന്നാല്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ അധിക സര്‍വ്വീസ് നടത്താന്‍ തയ്യാറായിരിക്കണം എന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുമുള്ള നിരക്കുകള്‍ എയര്‍ ഇന്ത്യ, ഇന്റിഗോ, വിസ്താര എന്നീ വിമാനക്കമ്പനികള്‍ ഇളവ് ചെയ്തിട്ടുണ്ട്.

അതേസമയം ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. ‘എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്, എന്നാല്‍ ഒന്നിനും ഒരു ഉത്തരവുമില്ല, ജമ്മു കാശ്മീര്‍ സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന പലരെയും ഞാനിന്ന് കണ്ടു, ആറ് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് പറ്റിയില്ല, പക്ഷേ ആളുകളോട് ഒരക്ഷരം മിണ്ടാതെ ജമ്മു കശ്മീരിനൊപ്പം പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്, കശ്മീരില്‍ ഹോസ്റ്റലുകള്‍ ഒഴിപ്പിക്കുന്നു, ഗുല്‍ബര്‍ഗില്‍ ബസുകള്‍ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു- ഇതായിരുന്നു ട്വിറ്ററിലൂടെയുള്ള ഒമറിന്റെ പ്രതികരണം.

കശ്മീരില്‍ സര്‍ക്കാര്‍ ഭീതി പരത്തുന്നു എന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആരോപിച്ചു. കോണ്‍ഗ്രസും ഇതേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതയും സംസ്ഥാനത്തെ സാധാരണ ജനങ്ങളെയും വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Top