ചണ്ഡീഗഢ്: നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് ഉപമുഖ്യമന്ത്രിയാക്കാനോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച മൂന്നംഗ കോണ്‍ഗ്രസ് സമിതിക്കു മുന്‍പാകെയാണ് അമരീന്ദര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മൂന്നംഗ സമിതി അധ്യക്ഷന്‍.
സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കുകയോ പി.സി.സി. അധ്യക്ഷനാക്കുകയോ ചെയ്യുന്നത് സംസ്ഥാന ഘടകത്തിലെ സമവാക്യങ്ങളെ ബാധിക്കുമെന്നാണ് അമരീന്ദറിന്റെ നിലപാട്. സിദ്ധുവിന് സംസ്ഥാന മന്ത്രിസഭയിലേക്ക് തിരികെവരാം. ഒരു കാബിനറ്റ് സ്ഥാനം അദ്ദേഹത്തിനായി ഒഴിഞ്ഞു കിടപ്പുണ്ട്.
യോഗ്യരായ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉള്ളതിനാല്‍ സിദ്ധുവിനെ പി.സി.സി. അധ്യക്ഷനാക്കാനാകില്ല. മാത്രവുമല്ല, മുഖ്യമന്ത്രി, പി.സി.സി. അധ്യക്ഷസ്ഥാനങ്ങള്‍ രണ്ടും ജാട്ട് സിഖുകള്‍ക്ക് നല്‍കാനാവില്ലെന്നും അമരീന്ദര്‍ പറഞ്ഞു.