അമൃത്സര്‍ : ഭാര്യക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി പഞ്ചാബില്‍ പ്രചരണത്തിനിറങ്ങാതെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങിനെതിരെ പിണക്കവുമായി മുന്‍ ഇന്ത്യന്‍താരവും നിലവിലെ പഞ്ചാബ് മന്ത്രിയുമായ നവജ്യോത്സിങ് സിദ്ദു.
അമൃത്സറില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെ ബി.ജെ.പി പാളയം വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു ഇപ്പോള്‍ ഭാര്യ നവജ്യോത് കൗറിന് സീറ്റു നല്‍കാത്തതോടെയാണ് കോണ്‍ഗ്രസുമായി ഇടഞ്ഞത്.
നരേന്ദ്രമോദിയെയും ബി.ജെ.പിയെയും വാക്കുകള്‍കൊണ്ട് നിലംപരിശാക്കുന്ന സിദ്ദു കോണ്‍ഗ്രസിന്റെ താരപ്രചാരകനായി ഇന്ത്യമുഴുവന്‍ കറങ്ങിയിരുന്നു. കേരളത്തിലടക്കം കോണ്‍ഗ്രസിനു വോട്ടുതേടി സിദ്ദു എത്തി. വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിനായി ക്രിക്കറ്റ് കളിച്ചും സിദ്ദു താരമായിരുന്നു.
എന്നാല്‍ സ്വന്തം നാടായ പഞ്ചാബില്‍ പക്ഷേ സിദ്ദു പ്രചരണത്തിന് കാര്യമായി ഇറങ്ങിയിട്ടില്ല. ബട്ടിന്‍ഡയില്‍ പ്രിയങ്കഗാന്ധിയുടെ റോഡ് ഷോയില്‍ പേരിനു പങ്കെടുത്തതല്ലാതെ തീപ്പൊരി പ്രസംഗം പഞ്ചാബില്‍ എവിടെയും നടത്തിയില്ല. തൊണ്ടയില്‍ മുറിവുണ്ടെന്നു പറഞ്ഞ് പ്രചരണത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു സിദ്ദു.
പഞ്ചാബില്‍ മന്ത്രിയായ സിദ്ദുവിന് ഭാര്യ നവജ്യോത് കൗറിന് അമൃത്സറിലോ ചണ്ഡീഗഡിലോ സീറ്റു നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സിദ്ദുവിന്റെ ഭാര്യക്ക് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടാണെടുത്തത്.
ബി.ജെ.പിക്കുവേണ്ടി കോണ്‍ഗ്രസ് കോട്ടയായിരുന്ന അമൃത്സറില്‍ 2004ലും 2009തിലും വെന്നിക്കൊടി പാറിച്ചത് സിദ്ദുവായിരുന്നു. എന്നാല്‍ 2014ല്‍ അമൃത്സറില്‍ സിദ്ദുവിന് സീറ്റ് നിഷേധിച്ച് ബി.ജെ.പി അരുണ്‍ജെയ്റ്റ്ലിയെയാണ് മത്സരിപ്പിച്ചത്. ജെയ്റ്റ്ലിക്കെതിരെ കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ അമരീന്ദര്‍സിങും മത്സരിച്ചു. വാശിയേറിയ മത്സരത്തില്‍ അരുണ്‍ജെയ്റ്റ്ലി ദയനീയമായി പരാജയപ്പെടുകയായിരുന്നു.
അമൃത്സറില്‍ തോറ്റ ജെയ്റ്റ്ലിയെ രാജ്യസഭാംഗമാക്കിയാണ് മോദി കേന്ദ്ര ധനമന്ത്രിയാക്കിയത്. ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസിലെത്തിയ സിദ്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു. സിദ്ദുവിന്റെ ഭാര്യ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായിരുന്നു. ഇവരും പിന്നീട് കോണ്‍ഗ്രസിലെത്തി.
കോണ്‍ഗ്രസിലെത്തിയ സിദ്ദുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി മന്ത്രിയുമാക്കി. ഇനി ഭാര്യയെ എം.പിയാക്കണമെന്നു പറഞ്ഞാല്‍ നടപ്പില്ലെന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍സിങിന്റെ നിലപാട്. സീറ്റ് നിഷേധിച്ചതിനെതിരെ നവജ്യോത് കൗര്‍ അമരീന്ദര്‍സിങിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ക്യാപ്റ്റന്‍ തയ്യാറാകണമെന്നും ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്ന തന്നെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും അവര്‍ ചോദിച്ചു.
അമൃത്സറില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി ഗുര്‍ജിത്സിങ് ഒജ്ലക്ക് തന്നെയാണ് ക്യാപ്റ്റന്‍ സീറ്റ് നല്‍കിയത്. കഴിഞ്ഞ തവണ രണ്ടു ലക്ഷം വോട്ടിനാണ് ഒജ്ല വിജയിച്ചത്. ജനപ്രീതിയില്‍ സിദ്ദുവിനേക്കാള്‍ മുന്നിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്. അതിനാല്‍ സിദ്ദുവിന്റെ പിണക്കത്തിലും ഭാര്യയുടെ വിമര്‍ശനത്തിലുമൊന്നും അമരീന്ദര്‍കുലുങ്ങിയിട്ടില്ല. അകാലിദള്‍- ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണപിടിച്ചത് ക്യാപ്റ്റന്‍ അമരീന്ദര്‍സിങിന്റെ നേതൃത്വത്തിലാണ്.
പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ ബി.ജെ.പിയുടെ വര്‍ഗീയതയും ദേശീയവാദവും ഏശാതെപോകുന്നതും പഴയ പട്ടാളക്യാപ്റ്റനായ അമരീന്ദറിന്റെ സാന്നിധ്യം കൊണ്ടാണ്. 117 സീറ്റില്‍ 77 സീറ്റും നേടിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ ഭരണം പിടിച്ചത്. അകാലിദളിന് കേവലം 15 സീറ്റും ബി.ജെ.പിക്ക് കേവലം മൂന്ന് സീറ്റും മാത്രമാണ് നേടാനായത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാവട്ടെ പഞ്ചാബില്‍ അകാലി- ബി.ജെ.പി സഖ്യത്തിനായിരുന്നു മേല്‍ക്കൈ. ഇത്തവണ അത് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സിദ്ദുവിന്റെ പിണക്കമൊന്നും പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം കാര്യമായി കാണുന്നുമില്ല.