തോല്‍വി ചോദിച്ചു വാങ്ങി; പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

SUN

ഹൈദരാബാദ്: തോല്‍വി ചോദിച്ചു വാങ്ങി പഞ്ചാബ്. ക്രിസ് ഗെയിലും കെ.എല്‍.രാഹുലും ചേര്‍ന്നു നല്‍കിയ മികച്ച തുടക്കം കളഞ്ഞുകുളിച്ചയിരുന്ന സണ്‍റൈസേഴ്‌സിനോട് കീഴടങ്ങിയത്. 13 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 133 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 119 റണ്‍സിന് എല്ലാവരും പുറത്തായി.

മത്സരത്തില്‍ ആധിപത്യം ബൗളര്‍മാര്‍ക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ പഞ്ചാബ് 132 റണ്‍സില്‍ ഒതുക്കിയെങ്കിലും അതേനാണയത്തില്‍ തിരിച്ചടിച്ച ഹൈദരാബാദ് ബൗളര്‍മാര്‍ പഞ്ചാബിനെ 119 റണ്‍സില്‍ പുറത്താക്കിയാണ് ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്. ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ പഞ്ചാബിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിനായി ഒന്നാം വിക്കറ്റില്‍ രാഹുലും ഗെയിലും ചേര്‍ന്ന് 55 റണ്‍സിന്റെ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ രാഹുലും ഗെയിലും പുറത്തായതോടെ പഞ്ചാബ് കളി മറന്നു. ക്രീസിലെത്തിയവര്‍ വന്നതിലും വേഗത്തില്‍ തിരിച്ച് പവലിയനിലെത്തി. മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയിക്കാന്‍ 15 റണ്‍സ് വേണമായിരുന്നു. ആദ്യ പന്തില്‍ തമ്പി ഒരു റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം പന്തില്‍ അങ്കിത് രാജ്പുതിന്റെ കുറ്റി പിഴുതെടുത്ത് ടീമിന് വിജയം സമ്മാനിക്കുയായിരുന്നു.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും സന്ദീപ് ശര്‍മ്മയും ഷക്കീബ് അല്‍ ഹസനുമാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ അഞ്ചു വിക്കറ്റ് പിഴുതെടുത്ത അങ്കിത് രാജ്പുതാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 51 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെയും മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.പഞ്ചാബിനായി അഞ്ചു വിക്കറ്റെടുത്ത രാജ്പുതാണ് കളിയിലെ താരം.

Top