ചണ്ഡിഗഢ്: പഞ്ചാബ് രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയായി പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക അരൂസ ആലം. ക്യാപ്റ്റന്‍ അമരീന്ദറിന്റെ സുഹൃത്ത് അരൂസയുടെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുമായുള്ള ബന്ധം തന്റെ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. എന്നാല്‍ സുഖ്ജീന്ദറിന്റെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയ അമരീന്ദര്‍, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ചന്നി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് അരൂസ വരുന്നതെന്നും യു.പി.എ സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുഖ്ജീന്ദറിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് അമരീന്ദറിനുവേണ്ടി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ പ്രസ്താവന പുറത്തിറക്കി. സുഖ്ജീന്ദര്‍, നിങ്ങള്‍ എന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു. അരൂസ അലമിനെക്കുറിച്ച് നിങ്ങള്‍ പരാതിപ്പെട്ടിട്ടില്ല. 16 വര്‍ഷമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് അവര്‍ വരുന്നത്. എന്‍.ഡി.എയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരും പാകിസ്ഥാന്റെ ഐ.എസ്.ഐയുമായി ഒത്തുകളിക്കുകയാണെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്നതായും പ്രസ്താവനയില്‍ അമരീന്ദര്‍ പറയുന്നു.
ഇപ്പോള്‍ നിങ്ങള്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. അധികാരത്തില്‍ വന്ന് ഒരു മാസം കഴിഞ്ഞ് പൊതുജനങ്ങളെ കാണിക്കാന്‍ വേണ്ടി മാത്രമാണ് ഇത്. ബര്‍ഗാരി, മയക്കുമരുന്ന് കേസുകളില്‍ നിങ്ങളുടെ വലിയ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു? വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി പഞ്ചാബ് ഇപ്പോഴും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണ ഭീഷണി ഉയര്‍ന്ന സമയത്തും ഉത്സവങ്ങള്‍ നടക്കുന്ന സമയത്തും ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നിങ്ങള്‍ പഞ്ചാബിന്റെ സുരക്ഷാ ചെലവില്‍ ഡി.ജി.പിയെ അടിസ്ഥാനരഹിതമായ അന്വേഷണത്തിന് ചുമതലപ്പെടുത്തി എന്നതാണ് തനിക്ക് ആശങ്കയുണ്ടാകുന്നതെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.