അബദ്ധത്തില്‍ ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്‌സ്. ഇന്നലെ നടന്ന ഐപിഎല്‍ ലേലത്തിലാണ് പഞ്ചാബിന് അബദ്ധം പിണഞ്ഞത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ ടീമിലെത്തിച്ചെങ്കിലും തങ്ങള്‍ ഉദ്ദേശിച്ചയാളല്ല ഇതെന്ന് തിരിച്ചറിഞ്ഞ് ലേലത്തില്‍ നിന്ന് പിന്മാറാന്‍ പഞ്ചാബ് ശ്രമിച്ചെങ്കിലും ഹാമര്‍ താഴ്ത്തിയതിനാല്‍ അത് നടക്കില്ലെന്ന് ഓക്ഷനിയര്‍ പറഞ്ഞു. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തില്‍ തൃപ്തരാവുകയായിരുന്നു.
ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ശശാങ്ക് സിംഗിനായായിരുന്നു പഞ്ചാബിന്റെ ശ്രമം. ഈ താരത്തിന്റെയും അടിസ്ഥാന വില 20 ലക്ഷമായിരുന്നു. ഇതാണ് പഞ്ചാബിനെ കുഴപ്പിച്ചത്. പഞ്ചാബ് വാങ്ങിയ ശശാങ്ക് സിംഗ് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ടീമുകളില്‍ കളിച്ചതാണ്. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ശശാങ്ക് സിംഗ്.
ലേലത്തിന്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗിനായി പഞ്ചാബ് പാഡില്‍ ഉയര്‍ത്തി. ഛത്തീസ്ഗഡ് ടീമില്‍ കളിക്കുന്ന 32 വയസുകാരന്‍ ശശാങ്ക് സിംഗ് ആയിരുന്നു ഇത്. വേറെ ആരും താരത്തില്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ശശാങ്ക് പഞ്ചാബിലെത്തി. ഈ ലേലം അവസാനിച്ച് ഓക്ഷനീയര്‍ മല്ലിക സാഗര്‍ അടുത്തയാളിലേക്ക് പോകാനൊരുങ്ങവെയാണ് പഞ്ചാബിന് അബദ്ധം മനസിലായത്. ഇതോടെ ഇയാളെയല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്ന് പഞ്ചാബ് അറിയിച്ചു. താരത്തെ വേണ്ടെന്ന് പഞ്ചാബ് പറഞ്ഞെങ്കിലും ഹാമര്‍ താഴ്ത്തിയതിനാല്‍ അതിനു സാധിക്കില്ലെന്ന് മല്ലിക സാഗര്‍ അറിയിക്കുകയായിരുന്നു.