കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രാനുമതി തേടി നവജ്യോത് സിംഗ് സിദ്ദു

SIDDU2

ന്യൂഡല്‍ഹി : കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രാനുമതി തേടി പഞ്ചാബ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. ഇതുസംബന്ധിച്ച് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സിദ്ദു ചടങ്ങില്‍ പങ്കെടുക്കുക.

നവംബര്‍ ഒന്‍പതിനു നടക്കുന്ന ചടങ്ങിലേക്കാണ് സിദ്ദുവിന് ക്ഷണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്നു സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാന്‍ സിദ്ദുവുമായി ഫോണിലൂടെ ആശയവിനിമയം നടത്തുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുകയായിരുന്നു.

കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പാക്കിസ്ഥാന്‍ ക്ഷണിച്ചിരുന്നു.

സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് കര്‍ത്താര്‍പൂര്‍. കര്‍ത്താര്‍പൂരില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള ഗുരുദാസ്പൂര്‍ അതിര്‍ത്തി.

Top