ന്യൂഡല്‍ഹി: വായ്‌പയെടുത്ത പണം തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നവരെ പിടികൂടുന്നതിനായി സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടാനാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും കുറിച്ച് അറിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നീരവ് മോദിയെയും, മെഹുല്‍ ചോക്‌സിയെയും കൂടാതെ ബാങ്കിന് ബാധ്യതയുണ്ടാക്കിയ 1,018 വ്യക്തികളെക്കൂടി കണ്ടെത്തുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.
ഡിറ്റക്ടീവ് ഏജന്‍സികളുടെ സഹായം തേടുന്നത് വഴി ബാങ്ക് ഉദ്ദേശിക്കുന്നത് മുങ്ങിനടക്കുന്നവര്‍ എവിടെയാണെന്ന് കണ്ടെത്തുക എന്നത് മാത്രമാണ്. വായ്പയെടുത്തവര്‍,ജാമ്യക്കാര്‍, അവരുമായി അടുത്ത ബന്ധമുള്ളവര്‍ തുടങ്ങിയവരെയൊക്കെ കണ്ടെത്തുന്നതിനായി ഇന്ത്യക്കകത്തും പുറത്തും തെരച്ചില്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.