ഡൊമിനിക്ക: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ അറസ്റ്റിലായി. ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞ പ്രതി കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്‌സി അറസ്റ്റിലായത്.
ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് ചോക്‌സി. 2018 ലാണ് ചോക്‌സി തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ആന്റിഗ്വയിലേക്ക് കടന്നത്.
ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്‌സി പിടിയിലായത്. ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിട്ടുണ്ട്. ചോക്‌സിയെ ആന്റിഗ്വയിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ അറിയിച്ചു.