ന്യൂഡല്‍ഹി: വിവാദസിനിമ ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് അവെയ്ര്‍നെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സിനിമയിലെ കട്ടുകള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല എന്നാണ് ഹര്‍ജിക്കാരുടെ വാദം.
സിനിമ വെള്ളിയാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്നതുസംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്ന് അറിയിച്ചു.
പഞ്ചാബിലെ മയക്കുമരുന്നിന്റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിലെ 82 ഭാഗങ്ങള്‍ ഒഴിവാക്കാനും ചിത്രത്തിന്റെ പേരില്‍ നിന്ന് പഞ്ചാബ് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെ നിര്‍മാതാക്കളായ വികാസ് ബഹ്ലും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചിരുന്നു. ബോംബെ കോടതിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.