ദില്ലി: ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിങ് രക്ഷപ്പെട്ടത് അഞ്ച് വാഹനങ്ങളിലായെന്ന് പഞ്ചാബ് പൊലീസ്. കാറുകളും ബൈക്കുകളും മുച്ചക്രവാഹനവും ഉപയോഗിച്ചാണ് ഇയാള്‍ കടന്നതെന്നും പൊലീസ് വെളിപ്പെടുത്തി. അമൃത്പാലിനായി ആറാം ദിവസവും തെരച്ചില്‍ തുടരുമ്പോള്‍ മഹാരാഷ്ട്ര പൊലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമൃത്പാലിനായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുമ്പോള്‍ പൊലീസില്‍ നിന്ന് എങ്ങനെ അമൃത്പാല്‍ രക്ഷപ്പെട്ടുവെന്ന് വിശദീകരിക്കുകയാണ് പഞ്ചാബ് പൊലീസ്.
ജലന്ധറിലൂടെ അറുപത് കിലോമീറ്റർ അഞ്ച് വാഹനം മാറി മാറി ഉപയോഗിച്ചാണ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം മേഴ്സിഡസ് ബെന്‍സില്‍ ജല്ലുപ്പൂർഖേരയില്‍ നിന്ന് പുറപ്പെട്ട അമൃത്പാല്‍ പിന്നീട് ബ്രസ്സ കാറിലേക്ക മാറി. ഷാകോട്ടിലെ ചാക്ക് ബെഹ്മാനിയാന്‍ ടോള്‍ പ്ലാസയിലൂടെ ബ്രസ്സ വാഹനത്തില്‍ സഞ്ചരിക്കുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു കാത്തു നഗ്ഗലില്‍ വച്ച് ബ്രസ്സ കാർ ഉപേക്ഷിച്ച് അമൃത്പാല്‍ സിങ് സഹായിയായ പപാല്‍ പ്രീതിനൊപ്പം സഞ്ചാരം പ്ലാറ്റിന ബൈക്കിലാക്കിയെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ അധികദൂരം പോകുന്നതിന് മുന്‍പ് തന്നെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ ഉത്തരേന്ത്യയില്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മുച്രകവാഹനത്തില്‍ ബൈക്കടക്കം കയറ്റിയാണ് പിന്നീട് ഇരുവരും സഞ്ചരിച്ചത്. വൈകാതെ ഈ ബൈക്ക് ഉപേക്ഷിച്ച് ഒരാളെ ഭീഷണിപ്പെടുത്തി മറ്റൊരു ബൈക്ക് തട്ടിയെടുത്താണ് പിന്നീട് ഇവർ സഞ്ചരിച്ചതെന്നും പൊലീസ് പറയുന്നു.
എന്തായാലും കോടതിയില്‍ നിന്നടക്കുള്ള വിമർശനം നിലനില്‍ക്കേ അമൃത്പാലിനായുള്ള തെരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അമൃത്പാലിന്റെ അമ്മേയേയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ അവിടെയും പൊലീസ് കർശന ജാഗ്രത പുലർത്തുന്നുണ്ട്. നന്ദേഡ് അടക്കമുള്ള ജില്ലകളിലാണ് വലിയ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിനൊപ്പം ഭീകരവിരുദ്ധ സേനയും തെരച്ചില്‍ നടത്തുന്നു.