തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഭ്യന്തര അന്വേഷണം മാത്രമായിരിക്കും നിലവില്‍ നടത്തുക. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കര്‍ശനമായ നടപടി ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മാര്‍ക്കറ്റില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്ത് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയെന്നതിലാണ് അന്വേഷണം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ്‌സിഎല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 1550 രൂപയ്ക്ക് ആണ്. 550 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 1550 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ ഒന്‍പത് കോടി രൂപയും മുന്‍കൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥര്‍ ഫയലിലെഴുതുകയും ചെയ്തു.
550 രൂപയ്ക്ക് കൊച്ചിയിലെ കെയ്‌റോണ്‍ കമ്പനിയോട് പിപിഇ കിറ്റിന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് 2020 ജനുവരി 30 നാണ്. ആ ഫയല്‍ ഇഴഞ്ഞ് നീങ്ങി രണ്ട് മാസമെടുത്ത് മാര്‍ച്ച് 29 ന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി. 550 രൂപയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 1550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡര്‍ നല്‍കുന്നത്. 550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡറാവാന്‍ രണ്ട് മാസമെടുത്തപ്പോള്‍ 1550 രൂപയുടെ കിറ്റ് വാങ്ങാന്‍ വേണ്ടി വന്നത് ഒരേയൊരു ദിവസം മാത്രമാണ്.