അസ്സാം പൗരത്വ രജിസ്റ്റര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് തരുണ്‍ ഗോഗോയ്

ന്യൂഡല്‍ഹി:പൗരത്വ രജിസ്റ്റര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് അസ്സാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അഭിപ്രായപ്പെട്ടു. എന്‍ആര്‍സിയുടെ ഉദ്ദേശം തന്നെ പരാജയപ്പെട്ടെന്നും പുറത്ത് നില്‍ക്കുന്ന 40 ലക്ഷം ആളുകളില്‍ കൂടുതലും ഇന്ത്യക്കാര്‍ തന്നെയാണെന്നും ഗോഗോയ് പറഞ്ഞു. രജിസ്റ്റര്‍ സംവിധാനം നടപ്പാക്കിയതില്‍ വലിയ അപാകതയുണ്ടെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.

2010ലാണ് ഇതിന്റെ ആദ്യ പദ്ധതി തുടങ്ങിയത്. എന്നാല്‍ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് അത് നിര്‍ത്തി. എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി സമവായമുണ്ടാക്കാന്‍ ഗോഗോയ് കാബിനറ്റ് കമ്മറ്റി രൂപീകരിച്ചു. പിന്നീട് തീരുമാനങ്ങള്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറലിന് അയച്ചു. എന്നാല്‍ രജിസ്ട്രര്‍ ജനറലോ ആഭ്യന്തര മന്ത്രിയോ വേണ്ട നടപടികള്‍ എടുത്തില്ല. അതു കൊണ്ടൊക്കെയാണ് കൃത്യമായി രജിസ്റ്റര്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയതെന്ന് മുന്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിരവധി ഇന്ത്യക്കാര്‍ ഇപ്പോഴും രജിസ്റ്ററിന് പുറത്തു നില്‍ക്കുകയാണ്. 1971 മാര്‍ച്ച് 2 ന് മുന്‍പ് മുതല്‍ ഇന്ത്യയില്‍ താമസിക്കുന്നവരെയാണ് കരടു രജിസ്റ്ററില്‍
ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാം കരട് രൂപം ജൂലൈ 30 ന് പുറത്തിറക്കി. അതില്‍ 2.89കോടി ആളുകളാണ് ഉള്‍പ്പെട്ടിരുന്നത്. 3.29 കോടി ആളുകളാണ് ആകെ അപേക്ഷ നല്‍കിയത്. പുറത്തായ ആളുകളുടെ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Top