പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിയുടെ രാജി; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍

ചെന്നൈ:പുതുച്ചേരി മന്ത്രിസഭയില്‍ നിന്ന് പി.ഡബ്ല്യൂ.ഡി മന്ത്രി നമശിവായം രാജിവെച്ചു. നാലര വര്‍ഷമായി ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രതികരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശിവായം മാധ്യമങ്ങളോട് പറഞ്ഞു.

നമശിവായം 27ന് ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നും ബി.ജെ.പിയില്‍ അംഗമാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശിവായത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കി. താനും തന്റെ വിശ്വസ്തരായ ആറ് എം.എല്‍.എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്ന് നമശിവായം നേതൃത്വത്തിനെ നേരത്തെ വെല്ലുവിളിച്ചിരുന്നു.

മുഖ്യമന്ത്രി നാരായണ സ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിലുള്ള പ്രശ്‌നം രൂക്ഷമായതിനിടെയായുരുന്നു നമശിവായത്തിന്റെ മുന്നറിയിപ്പ്.  തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

 

Top