പുതുച്ചേരി: ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിരുദ ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സര്‍വ്വകലാശാലയില്‍ എത്തുന്നതിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നിന്ന് പൊലീസ് നീക്കിയത്.
സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ നിന്ന് മാറണമെന്ന് സര്‍വ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന സമരക്കാര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് ദ്രുതകര്‍മസേനയുടെ സഹായത്തോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ക്യാമ്പസിന് പുറത്തേക്ക് മാറ്റുകയായിരുന്നു.
20 ദിവസമായി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഫെബ്രുവരി ആറിനാണ് സര്വകലശാല വിദ്യാര്‍ത്ഥി കൗണ്‍സില്‍ അനശ്ചിതകാല സമരം ആരംഭിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഫീസുകളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഉണ്ടായിട്ടില്ലെന്നും ചിലവുകള്‍ ക്രമീകരിക്കാന്‍ വര്‍ധനവ് അനിവാര്യമാണെന്നുമാണ് സര്‍വ്വകലാശാലയുടെ നിലപാട്.
എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 20 ശതമാനം ഫീസിളവ് നല്‍കാമെന്ന് സര്‍വ്വകലാശാല അധികൃതര്‍ സമരക്കാരെ അറിയിച്ചെങ്കിലും വര്‍ധനവ് പൂര്‍ണമായി പിന്‍വലിക്കുകയായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.