പുതുപ്പള്ളി വിധിയെഴുതുന്നു; പ്രതീക്ഷയോടെ മുന്നണികൾ, വോട്ടെടുപ്പ് വൈകിട്ട് ആറു വരെ

കോട്ടയം: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ 182 ബൂത്തുകളില്‍ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. വൈകാരികതയും രാഷ്ട്രീയവും ഒരുപോലെ നിറഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഭിമാന പോരാട്ടമാണ് പുതുപ്പള്ളിയിലേത്.

രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും എത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ വോട്ടെടുപ്പ് ദി വസത്തെ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. അഞ്ച് ബൂത്തുകളില്‍ മോക് പോളിങ് നടത്തിയ ശേഷമാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങള്‍ക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്.

ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമാണ്. അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിംഗ് ബൂത്തുകള്‍ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിംഗ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 675 അംഗ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ മേല്‍നോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും 5 ഡിവൈഎസ്പിമാര്‍ക്കുമാണ്. കൂടാതെ 64 അംഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.

Top