പുതുപ്പള്ളിയിലെ തകർപ്പൻ വിജയം കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിനു നൽകിയിരിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്. 80,144 വോട്ടുകൾ ചാണ്ടി ഉമ്മൻ നേടിയപ്പോൾ 42, 425 വോട്ടുകൾ മാത്രമാണ് ജയ്ക് സി തോമസിനു ലഭിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ നിലയാണ് അതി ദയനീയമായിരിക്കുന്നത്. അവർക്ക് ലഭിച്ചിരിക്കുന്നത് കേവലം 6,558 വോട്ടുകൾ മാത്രമാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചയ്ക്കാൻ പുതുപ്പള്ളി വിജയം പ്രധാന കാരണമാകുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം ചൂണ്ടിക്കാട്ടിന്നുത്.
ഉമ്മൻ ചാണ്ടി ഇഫക്ടിനൊപ്പം സർക്കാർ വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടതു കൊണ്ടു കൂടിയാണ് ഇത്ര വലിയ വിജയം യു.ഡി.എഫിന് സാധ്യമായതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷ വിരുദ്ധ മനോഭാവം വോട്ടർമാരിൽ വരുത്തുന്ന കാര്യത്തിൽ മാധ്യമങ്ങളും വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. മാസപ്പടി വിവാദം മുതൽ നടൻ ജയസൂര്യയുടെ വിമർശനം വരെ പുതുപ്പള്ളിയിൽ വലിയ തോതിലാണ് യു.ഡി.എഫ് പ്രചരണമാക്കിയിരുന്നത്. ഇതെല്ലാം തന്നെ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
കേവലം ഉമ്മൻചാണ്ടിയോടുള്ള സ്നേഹം മാത്രമായി പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ വിലയിരുത്തിയാൽ അത് വലിയ വിഢിത്തമായാണ് മാറുക. കാരണം സ്വന്തം തട്ടകത്തിൽ പോലും ജയ്കിന് തിരിച്ചടി ലഭിച്ചത് അദ്ദേഹത്തോടുള്ള എതിർപ്പ് കൊണ്ടായിരുന്നില്ല. മറിച്ച് ഇടതുപക്ഷത്തോടുള്ള എതിർപ്പു കൊണ്ടു കൂടിയാണ്. വിമർശനത്തോടൊപ്പം തന്നെ സ്വയം വിമർശനം നടത്താനും സി.പി.എം നേതൃത്വം തയ്യാറാകണം.
ഒന്നാം പിണറായി സർക്കാരിൽ നിന്നും രണ്ടാം പിണറായി സർക്കാരിലേക്ക് വന്നപ്പോൾ ജനങ്ങൾ പ്രതീക്ഷിച്ച ഒരു ഭരണം സർക്കാറിൽ നിന്നും ഉണ്ടായിട്ടില്ലന്നത് ഒരു യാഥാർത്ഥ്യമാണ്. കേന്ദ്ര സർക്കാരിൽ നിന്നും നിരന്തരം നേരിടുന്ന അവഗണന സംസ്ഥാന സർക്കാറിന്റെ വേഗതയെ കാര്യമായി ബാധിക്കുമ്പോഴും അത് സംസ്ഥാന സർക്കാറിന്റെ മാത്രം കുറ്റമായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉൾപ്പെടെ മുൻ നിർത്തി വലിയ ചർച്ചകൾ സംഘടിപ്പിച്ച് കേരളത്തിലെ പൊതുബോധം ഇടതുപക്ഷത്തിനെതിരെ സൃഷ്ടിക്കുവാൻ ഒരു വിഭാഗം മാധ്യമങ്ങൾ ബോധപൂർവ്വമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്.
പ്രാദേശിക തലം മുതൽ സംസ്ഥാനതലം വരെയുള്ള ചില ഇടതു നേതാക്കളുടെ പെരുമാറ്റവും ഇടപെടലുകളും എല്ലാം ജനങ്ങളിൽ വെറുപ്പ് സൃഷ്ടിക്കുന്ന തരത്തിലാണ് പലപ്പോഴും പ്രചരിക്കപ്പെട്ടിരുന്നത്. ഇതിന്റെയെല്ലാം ആകെ തുകയാണ് പുതുപ്പള്ളിയിൽ ഇപ്പോൾ പ്രകടമായിരിക്കുന്നത്. കേവലം ഉമ്മൻചാണ്ടി ഇഫക്ട് മാത്രമായി ഈ പരാജയത്തെ വിലയിരുത്തി മുന്നോട്ടു പ്രാകാൻ ഇനിയൊരിക്കലും ഇടതുപക്ഷത്തിന് കഴിയുകയില്ല. അങ്ങനെ അഥവാ ശ്രമിച്ചാൽ കൂടുതൽ ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വരിക. അതും നേതാക്കൾ ഓർക്കുന്നത് നല്ലതാണ്.
കമ്യൂണിസ്റ്റുകളും കമ്യൂണിസ്റ്റു പാർട്ടികളും ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി പ്രവർത്തിച്ചാണ് ഇന്നുള്ള കരുത്ത് സമ്പാദിച്ചിരിക്കുന്നത്. ഖദർ അഴിമതിയിലും അഹങ്കാരത്തിലും മുങ്ങിയപ്പോൾ അതിൽ സഹികെട്ട് ജനങ്ങൾ ആശ്രയിച്ച തുരുത്തായിരുന്നു ചുവപ്പെന്നതും ഇടതുപക്ഷം മറന്നു പോകരുത്. ആ ചുവപ്പ് തുരുത്തിലും അഹങ്കാരത്തിന്റെയും അഴിമതിയുടെയും വിത്തുകൾ മുളച്ചാൽ ചുവപ്പിന്റെ അടിവേരു തന്നെയാണ് തകർന്നു പോകുക. സോഷ്യൽ മീഡിയകളുടെ പുതിയ കാലത്ത് ഒരു ചെറിയ അഭിപ്രായ പ്രകടനം പോലും വലിയ രൂപത്തിലാണ് ചർച്ച ചെയ്യപ്പെടുക.
ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നും വന്ന ചില അഭിപ്രായ പ്രകടനങ്ങളും ഇടതു സൈബർ പോരാളികളുടെ ചിലവിൽ നടന്ന ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബർ ആക്രമണവും എല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ഗുണം ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കനത്ത തോൽവിക്ക് ഇതും ഒരു കാരണമാണ്. സൈബർ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കാനായതും പ്രചാരണ രംഗത്ത് സിപിഎമ്മിനു മുകളിൽ ഒരു പരിധിവരെ ആധിപത്യം സ്ഥാപിക്കാനായതും കോൺഗ്രസിൽ പതിവില്ലാത്ത കാര്യമാണ്. അതും പുതുപ്പള്ളിയിൽ സംഭവിച്ചു.
തൃക്കാക്കരയേക്കാൾ ഇടതുപക്ഷത്തിന് കൃത്യമായി രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇവിടെ എട്ടിൽ ആറ് പഞ്ചായത്തുകളിൽ ഭരണം നടത്തുന്നതും ഇടതുപക്ഷമാണ്. 53 വർഷം ഉമ്മൻചാണ്ടി കൈവശം വച്ച ഈ മണ്ഡലം വീണ്ടും ഉമ്മൻചാണ്ടി കുടുംബത്തിലേക്ക് തന്നെ പോകുമ്പോൾ അത് കേരളത്തിന് നൽകുന്ന സന്ദേശവും മറ്റൊന്നാണ്. മക്കൾ രാഷ്ട്രീയത്തെയാണ് ഇതുവഴി കേരള രാഷ്ട്രീയം പോത്സാഹിപ്പിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ മത്സരിച്ചാൽ പോലും അത്ഭുതപ്പെടാനില്ല.
താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലന്ന് അച്ചു ഉമ്മൻ പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ അച്ചു ഉമ്മനെ കോട്ടയം സീറ്റിൽ മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കേരള കോൺഗ്രസ്സ് മത്സരിച്ചിരുന്ന ഈ സീറ്റിൽ ഇത്തവണ കോൺഗ്രസ്സിനാണ് മത്സരിക്കാൻ താൽപ്പര്യം. കേരള കോൺഗ്രസ്സിലെ ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് പോയ സാഹചര്യത്തിൽ ദുർബലരായ പി.ജെ.ജോസഫ് വിഭാഗത്തിന് എന്തായാലും കോട്ടയം സീറ്റ് കോൺഗ്രസ്സ് നൽകുകയില്ല. അങ്ങനെ സംഭവിച്ചാൽ അച്ചു ഉമ്മനാണ് നറുക്ക് വീഴാൻ സാധ്യത. ഉമ്മൻചാണ്ടിയുടെ മകൾ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് യു.ഡി.എഫിന് സംസ്ഥാന വ്യാപകമായി ഉണർവ്വ് നൽകുമെന്നാണ് കോൺഗ്രസ്സിന്റെ പ്രമുഖ നേതാക്കൾ തന്നെ അവകാശപ്പെടുന്നത്.
ഇടതുപക്ഷ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സിലെ ജോസ് വിഭാഗം മത്സരിക്കുന്ന കോട്ടയം സീറ്റിൽ അച്ചു ഉമ്മൻ എതിർ സ്ഥാനാർത്ഥിയായാൽ ഇടതു സ്ഥാനാർത്ഥിക്ക് ഒരിക്കലും വിജയം എളുപ്പമാവുകയില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ജോസ് വിഭാഗം മുന്നണി മാറ്റത്തിന് തയ്യാറാകുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കണക്ക് കൂട്ടുന്നത്. ജോസ് വിഭാഗത്തെ തിരികെ കൊണ്ടു വരാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെ ഇപ്പോൾ രംഗത്തുണ്ട്. പുതുപ്പള്ളി ഫലം കൂടി പുറത്തു വന്നതോടെ ഈ നീക്കത്തിനും വേഗത കൂടിയിട്ടുണ്ട്. കോൺഗ്രസ്സിലെ രണ്ട് പ്രമുഖ എം.പിമാരാണ് അണിയറയിലെ ഈ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
ബി.ജെ.പി പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന ഭയമോ ബി.ജെ.പിയിലേക്ക് നേതാക്കൾ കൂറ് മാറുമോ എന്ന ഭയമോ ഒന്നും ഇപ്പോൾ കോൺഗ്രസ്സിനില്ല. പുതുപ്പള്ളിയിൽ തകർത്ത് വിട്ടതു പോലെ മറ്റിടങ്ങളിലും ബി.ജെ.പിയെ തകർക്കുമെന്നതാണ് കോൺഗ്രസ്സ് നേതാക്കളുടെ വെല്ലുവിളി. ബി.ജെ.പിയെ കേരളത്തിൽ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണെന്ന വാദത്തിന്റെ മുനയൊടിക്കാനാണ് പുതുപ്പള്ളിയിൽ കിട്ടിയ ഈ അവസരത്തെ സംസ്ഥാന വ്യാപകമായി അവരിപ്പോൾ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുന്നത്.
കോൺഗ്രസ്സിൽ നിന്നും അകന്ന മുസ്ലീം – ക്രൈസ്തവ വിഭാഗങ്ങളെ കൂടി ഒപ്പം നിർത്തുന്നതിനു വേണ്ടിയാണിത്. പുതുപ്പള്ളിയിൽ ഹൈന്ദവ – ക്രൈസ്തവ വോട്ടുകൾ വലിയ രൂപത്തിലാണ് യു.ഡി.എഫിനു ലഭിച്ചിരിക്കുന്നത്. കണക്കുകൾ നൽകുന്ന സൂചനയും അതു തന്നെയാണ്. പുതുപ്പള്ളി തോൽവിയിലെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞ് അതിനു ഉടൻ തന്നെ പരിഹാരം കണ്ട് മുന്നോട്ട് പോകാൻ ഇടതുപക്ഷം ശ്രമിച്ചില്ലങ്കിൽ തീർച്ചയായും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. അതാകട്ടെ ഒരു യാഥാർത്ഥ്യം തന്നെയാണ്.
EXPRESS KERALA VIEW