പുതുവൈപ്പ് സംഘര്‍ഷം ; പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

കൊച്ചി: എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തില്‍ പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എറണാകുളം ഡി സി പി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. സമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. നാട്ടുകാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുതുവൈപ്പില്‍ ഞായറാഴ്ച രാവിലെ മുതല്‍ നടന്ന എല്‍പിജി സംഭരണകേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്‌ളാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുവൈപ്പില്‍ കോണ്‍ഗ്രസ്സ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Top