പുതുവൈപ്പിനില്‍ സമരക്കാര്‍ ശ്രമിച്ചത് സര്‍ക്കാറിനെ മോശമാക്കാനെന്ന് ഡിസിപി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും പ്രതിസന്ധിയുണ്ടാക്കാനുമാണ് പുതുവൈപ്പിനില്‍ സമരക്കാര്‍ ശ്രമിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നല്‍കിയ വിശദീകരണത്തിലാണ് യുവ ഐപിഎസുകാരന്റെ ഈ മറുപടി.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഉണ്ടായത്. ഐഒസി ടെര്‍മിനലിനു സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതിക്കുള്ളിലേക്കു മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ഡിസിപി ആരോപിച്ചു.

പ്രധാനമന്ത്രിക്കു കൊച്ചിയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണു ഹൈക്കോടതി ജംക്ഷനില്‍നിന്നു സമരക്കാരെ നിയമവിധേയമായ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള പ്രധാനമന്ത്രിയുടെ വരവ് തന്നെ തടസപ്പെടുമായിരുന്നു.

സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന ആരോപണം തെറ്റാണ്. പൊലീസ് നടപടിക്കെതിരായ പരാതി പൊലീസിനെ ഇടിച്ചു താഴ്ത്താനും വില കുറഞ്ഞ പ്രചാരണത്തിനും വേണ്ടിയുള്ളതാണെന്നും വിശദീകരണക്കുറിപ്പില്‍ യതീഷ്ചന്ദ്ര വ്യക്തമാക്കി.

നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ എന്ന സംഘടനയാണു പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നത്. കേസ് അടുത്ത ഒന്‍പതിനു പരിഗണിക്കുമെന്നും അന്ന് ഡിസിപി നേരിട്ടു ഹാജരാകണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

കൊച്ചിയില്‍ നടന്ന പൊലീസ് നടപടി വലിയ വിവാദമായിരുന്നു. ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഭരണപക്ഷത്തു നിന്ന് വിഎസ് അച്യുതാനന്ദനും സിപിഐയും പ്രതിപക്ഷവുമെല്ലാം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

Top