മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിഷം നല്‍കി കൊലപ്പെടുത്തിയേക്കുമെന്ന ഭീതിയെ തുടര്‍ന്ന് റഷ്യന്‍ ഫെബ്രുവരിയില്‍ പേഴ്‌സണല്‍ സ്റ്റാഫിലെ ആയിരത്തോളം പേരെ മാറ്റി നിയമിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഡെയ്‌ലി ബീസ്റ്റാ’ണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാറ്റിയ ജീവനക്കാരില്‍ പാചകക്കാര്‍, അലക്കുകാര്‍, അംഗരക്ഷകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുക്രൈനിലെ സൈനിക നടപടിക്ക് മുന്‍പോണോ ശേഷമാണോ ഇത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, റഷ്യയിലെ ഒരുകൂട്ടം പ്രമുഖവ്യക്തികള്‍ വ്‌ളാദിമിര്‍ പുതിനെ ‘വിഷം’ നല്‍കി വകവരുത്താനും അത് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും പദ്ധതിയിട്ടതായും യുക്രൈനിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് ചിലരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ബോര്‍ട്ട്‌നിക്കോവിനെയാണ് ഇവര്‍ പുതിന്റെ പകരക്കാരനായി കാണുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബോര്‍ട്ട്‌നിക്കോവും പുടിനും സോവിയറ്റ് ചാരസംഘടനയായ കെജിബിയില്‍ ജോലിചെയ്തിരുന്നു. ഇവര്‍തമ്മില്‍ യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട് ഈയടുത്തായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.