മോസ്‌കോ: ഭീകരരുടെ യാത്രാ വിമാനം വെടിവെച്ചിടാന്‍ ഉത്തരവിട്ടിരുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ വെളിപ്പെടുത്തല്‍. 2014-ല്‍ നടന്ന ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഭീകരരുടെ യാത്രാ വിമാനം വെടിവെച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പുടിന്റെ വെളിപ്പെടുത്തല്‍.
ഞായറാഴ്ച പുറത്തുവിട്ട ഒരു ഡോക്യുമെന്ററിയിലാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പുടിന്‍’ എന്ന പേരില്‍ റഷ്യന്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ ഡോക്യുമെന്ററി.
സോചി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ തൊട്ടുമുന്‍പ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ആന്‍ഡ്രെ കോന്ദ്രഷോവ് എന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശമുള്ള ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഉക്രെയിനില്‍ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന യാത്രാ വിമാനം റാഞ്ചികള്‍ തട്ടിയെടുത്തുവെന്നും വിമാനം സോചിയില്‍ ഇറക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശം ലഭിച്ചു. റാഞ്ചികളില്‍ ഒരാളുടെ കൈവശം ബോംബുണ്ടെന്നും വിവരം ലഭിച്ചു.
ഈ സമയം 40,000 കാണികള്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് സോചിയിലെ സ്‌റ്റേഡിയത്തില്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ഭീഷണി സംബന്ധിച്ച് വിവരം അറിയിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് വിമാനം അടിയന്തിരമായി വെടിവെച്ചിടാന്‍ താന്‍ നിര്‍ദേശിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പുടിന്‍ വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഈ സമയത്ത് താന്‍ ഉദ്ഘാടന ചടങ്ങിലായിരുന്നുവെന്നും പുടിന്‍ പറഞ്ഞു.
അതേസമയം, നിമിഷങ്ങള്‍ക്കം മറ്റൊരു ഫോണ്‍കോള്‍ ലഭിച്ചു. ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണെന്നും, വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളം വെച്ചതാണെന്നും വിമാനം തുര്‍ക്കിയിലേക്ക് തന്നെ പോയികൊണ്ടിരിക്കുകയാണെന്നുമാണ് വിവരം ലഭിച്ചെന്നും റഷ്യന്‍ പ്രസിഡന്റ് വെളിപ്പെടുത്തി. ഈ മാസം 18ന് റഷ്യന്‍ പ്രസിഡന്റായി പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണ് ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്.