രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരള പൊലീസ്. അത് ക്രമസമാധാനത്തിന്റെ കാര്യത്തിലായാലും കുറ്റാന്വേഷണത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. എന്നാൽ ഇപ്പോൾ പോകുന്ന രൂപത്തിലാണ് ഇനിയും മുന്നോട്ട് പോകുന്നതെങ്കിൽ രാജ്യത്തെ ഏറ്റവും മോശം പോലീസ് സേനയുടെ ലിസ്റ്റിൽ കേരളവും ഇടം പിടിക്കുന്ന കാര്യം വിദൂരമല്ല. ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടൽ ആഭ്യന്തര വകുപ്പ് നടത്തേണ്ടതുണ്ട്.
പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ തസ്തിക സി.ഐ തലത്തിൽ നിന്നും മാറ്റി പഴയ പോലെ എസ്.ഐ തസ്തികയിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതും അനിവാര്യമായ കാര്യമാണ്. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് ഈ മാറ്റം തിരിച്ചടിച്ചിരിക്കുന്നത്. മുൻപ് വളരെ സജീവമായി രംഗത്തുണ്ടായിരുന്ന എസ്.ഐമാർക്ക് പൊലീസ് സ്റ്റേഷനുകളിൽ കാര്യമായ റോളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എസ്.ഐ പേടിയിൽ കഴിഞ്ഞിരുന്ന ഗുണ്ടകൾ ഉൾപ്പെടെയുള്ളവരാണ് ഇതുമൂലം വീണ്ടും തലപ്പൊക്കി തുടങ്ങിയിരിക്കുന്നത്.
ഒറ്റപ്പെട്ട ചില ലോക്കപ്പ് മരണങ്ങളും മർദ്ദനങ്ങളും ആവർത്തിക്കാതിരിക്കാൻ കൂടി ഉദ്ദേശിച്ചാണ് “എടുത്തു ചാട്ടക്കാരായ” എസ്.ഐമാർക്ക് പകരം പക്വത വന്ന സി.ഐ മാർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകിയിരുന്നത്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിനു മാത്രമല്ല മാധ്യമങ്ങൾക്കും വലിയ പങ്കാണ് ഉള്ളത്. പൊലീസ് കൊലക്കേസ് പ്രതിയെ പിടിച്ച് അടിച്ചാലും കൊല്ലപ്പെട്ടവന്റെ വേദനയേക്കാൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് പ്രതികളുടെ വിലാപമാണ്. ഇതോടെ സർക്കാറും നടപടിക്ക് നിർബന്ധിതരാകും. തൊപ്പിപോയവന്റെ അവസ്ഥ ശരിക്കും അറിയാവുന്ന സഹപ്രവർത്തകർ സ്വാഭാവികമായും പിന്നെ റിസ്ക്ക് എടുക്കാൻ തയ്യാറാകുകയുമില്ല.
ഏത് കേസിലെ പ്രതിയെ പിടിച്ചാലും ഉപദേശം മാത്രം നൽകുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊലീസ് സ്റ്റേഷനുകൾ മാറിയത് അതോടെയാണ്. ഈ പക്വത തന്നെയാണ് ഇപ്പോൾ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ഗുണമായി മാറിയിരിക്കുന്നത്. ഇത്തരക്കാർക്ക് പൊലീസിനു മേലുള്ള ഭയമാണ് നഷ്ടമായിരിക്കുന്നത്. അതിന്റെ പരിണിതഫലം കൂടിയാണ് പൊലീസിനു നേരെ നടക്കുന്ന തുടർച്ചയായുളള ആക്രമണങ്ങൾ. ജനകീയ പൊലീസിനെ സൃഷ്ടിക്കുന്നവർ “പല്ലും നഖവും ഇല്ലാത്ത കടുവകളെ” ആരും പേടിക്കാറില്ലന്നതും തിരിച്ചറിയുന്നത് നല്ലതാണ്.
പൊലീസ് അതിരുവിടുന്നത് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ ഉത്തരവാദികളായ ഉദ്ദ്യോഗസ്ഥർക്ക് എതിരെ മാത്രമാണ് സ്വീകരികേണ്ടത്. അതല്ലാതെ സേനയെ മൊത്തത്തിൽ നിർജീവമാക്കുന്ന തരത്തിലുള്ള നടപടികൾ ആത്യന്തികമായി നാടിനാണ് ദോഷം ചെയ്യുക. അത്തരമൊരു അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഭയക്കേണ്ടവർ പൊലീസിനെ ഭയക്കുക തന്നെ വേണം. എങ്കിൽ മാത്രമേ നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിൽക്കുകയൊള്ളൂ. അതിനാവശ്യമായ തിരുത്തലുകളാണ് ആഭ്യന്തര വകുപ്പ് ഇനിയെങ്കിലും നടത്തേണ്ടത്. മുൻ ഡി.ജി.പി. ലോകനാഥ് ബഹ്റ കൊണ്ടു വന്ന പരിഷ്ക്കാരങ്ങളിൽ ഒരു പൊളിച്ചെഴുത്ത് വേണമെന്നത് സമീപകാല സംഭവങ്ങളോടെ ഇപ്പോൾ സേനയിൽ നിന്നു തന്നെ ഉയർന്നു വന്നു തുടങ്ങിയിട്ടുണ്ട്.
കൊല്ലത്ത് നടന്ന പൊലീസ് വെടിവയ്പ്പ് തന്നെ പൊലീസിന്റെ മനോവീര്യം നഷ്ടപ്പെട്ടതിനു തെളിവാണ്. ഗുണ്ടകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കൊച്ചിയിൽ നിന്നും വന്ന പൊലീസിനാണ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവയ്ക്കേണ്ടി വന്നിരിക്കുന്നത്. യുവാവിനെ തട്ടി കൊണ്ടു പോയ കേസിലെ പ്രതികളെ വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായിരിക്കുന്നത്.
പ്രതികൾ പൊലീസിനു നേരെ വടിവാൾ വീശുകയും തുടർന്ന് സി ഐ നാല് തവണ വെടിയുതിർക്കുകയുമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണങ്ങൾക്കു ശേഷം സംസ്ഥാന പൊലീസിനെ നാണം കെടുത്തിയ മറ്റൊരു സംഭവമാണിത്. പൊലീസിന്റെ മനോവീര്യം തകർന്നെന്ന് മനസ്സിലാക്കി തന്നെയാണ് ഇത്തരം ആക്രമണങ്ങളും നടന്നിരിക്കുന്നത്. അക്കാര്യവും വ്യക്തമാണ്.
EXPRESS KERALA VIEW