Puttingal tragedy; central explosive report

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിനേയും ജില്ലാ ഭരണകൂടത്തേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. അപകടത്തില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് കൈമാറും.

വെടിക്കെട്ടിന് അപേക്ഷ നിരസിച്ചത് അവസാന നിമിഷം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഈ സംഭവത്തിലേക്ക് നയിച്ചത്. വെടിക്കെട്ടിന് നല്‍കിയ അപേക്ഷ നിരസിച്ചിട്ടും ആചാരം മുടക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികളുടെ നിലപാടിനെ പൊലീസ് അനുകൂലിക്കുകയായിരുന്നു.

വെടിക്കെട്ട് തടയാന്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. വെടിക്കെട്ട് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിച്ചുമില്ല. ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങളൊന്നും തന്നെ ഏര്‍പ്പെടുത്തിയിരുന്നില്ല. വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്തുക്കള്‍ക്ക് സുരക്ഷയില്ലാതെയാണ് സൂക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 10നുണ്ടായ അപകടത്തില്‍ 111 പേരാണ് മരിച്ചത്. കേസില്‍ 43 പ്രതികളെ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പിന്നീട് മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു

Top