പാട്ടഭൂമി പോക്കുവരവ് നടത്തി പി.വി അന്‍വറിന്റെ കമ്പനി നടത്തിയത് 14 കോടിയുടെ വായ്പ തട്ടിപ്പ്

കൊച്ചി: ആലുവ എടത്തലയില്‍ പാട്ടഭൂമിയില്‍ നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയ പി.വി അന്‍വര്‍ എം.എല്‍.എ മാനേജിങ് ഡയറക്ടറായ പീവീആര്‍ റിയല്‍റ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 14 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ പുറത്ത്.

പാട്ടക്കരാര്‍ അവകാശം മാത്രമുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ 2006 നവംബര്‍ 25നാണ് നിയമ വിരുദ്ധമായി പോക്കുവരവ് നടത്തി അന്‍വര്‍ സ്വന്തമാക്കിയത്. 99 വര്‍ഷത്തെ പാട്ടാവകാശം മാത്രമുള്ള ഈ വസ്തു സ്വന്തമാണെന്നു കാണിച്ച് എസ്.ബി.ഐ കോയമ്പത്തൂര്‍ സിറ്റി ബ്രാഞ്ചില്‍ നിന്നും 2007 ജനുവരി 31ന് 14 കോടി വായ്പയും വാങ്ങി.

സ്വന്തം ഭൂമിയാണെന്നും മറ്റാര്‍ക്കും അവകാശവുമില്ലെന്നും കാണിച്ച് വായ്പക്കായി മാനേജിങ് ഡയറക്ടര്‍ പി.വി അന്‍വര്‍ 2007 ഫെബ്രുവരി ഒന്നിന് എസ്.ബി.ഐ കോയമ്പത്തൂര്‍ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് നല്‍കിയ കത്താണ് പുറത്തായത്. പീവീആര്‍ റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ്, കമ്പനി കാര്യ രജിസ്ട്രാര്‍ക്ക് ഫോം 8 പ്രകാരം സമര്‍പ്പിച്ച കണക്കുകളിലാണ് ഈ കത്തും വായ്പാ വിവരവും വെളിപ്പെടുത്തിയിരിക്കുന്നത്.

പാട്ടാവകാശമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു കാണിച്ച് 14 കോടി വായ്പ അനുവദിച്ചതില്‍ ബാങ്കിനും വീഴ്ചയുണ്ടായെന്നാണ് വിവരം. ഇതു സംബന്ധിച്ച് ബാങ്ക് പരിശോധന ആരംഭിച്ചതോടെ കമ്പനി വായ്പ തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ തട്ടിപ്പു നടത്തി വായ്പ നേടിയത് ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.

ആലുവ ഈസ്റ്റ് വില്ലേജില്‍ എടത്തലയില്‍ നാവികസേനയുടെ ആയുധ ഡിപ്പോക്ക് സമീപം ബ്ലോക്ക് 36 ല്‍ ജോയ്മത് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടും ഉള്‍പ്പെടുന്ന 11.46 എക്കര്‍ ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തില്‍ പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയത്.

പാട്ടകാലാവധിയില്‍ ശേഷിക്കുന്ന 86 വര്‍ഷത്തിനു ശേഷം ജോയ്മത്ത് ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സിന്റെ കെട്ടിടങ്ങളും സ്ഥലവും യഥാര്‍ത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. എന്നാല്‍ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയാണ് വായ്പയും നേടിയത്.

പാട്ടാവകാശമുള്ള ഭൂമി പോക്കുവരവ് നടത്തിയത് സംബന്ധിച്ച് ജോയ് മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യു നല്‍കിയ പരാതിയില്‍ വസ്തുവിന്റെ രേഖകള്‍ ഹാജരാക്കാന്‍ അന്‍വറിന്റെ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. നോട്ടീസ് ലഭിച്ചില്ലെന്നും സാവകാശം വേണമെന്നുമാണ് കമ്പനി അഭിഭാഷകന്‍ ആലുവ താലൂക്ക് ഭൂരേഖ തഹസില്‍ദാരോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂര്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ്. മസ്‌ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന തൃശൂര്‍ സ്വദേശി കെ.കെ. മുഹമ്മദ് അബ്ദുല്‍ റസാഖ്, അന്‍വറിന്റെ സഹോദരന്‍ പുത്തന്‍വീട്ടില്‍ അജ്മല്‍, കോഴിക്കോട് ഹല്‍വ ബസാര്‍ ചെറിയകത്ത് മുഹമ്മദ് നജീബ്, കോഴിക്കോട് കാപ്പാട് ടി.എം അഹമ്മദ് കോയ, എറണാകുളം മുളന്തുരുത്തി താനങ്ങാടന്‍ രാജു, മാഹി സ്വദേശി അബ്ദുല്‍റഹീം കാസിം, കോഴിക്കോട് പന്നിയങ്കര തിരുവണ്ണൂര്‍ സി.എ ആലിക്കോയ അടക്കം എട്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്.

Top