പൊന്നാനിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെയും ആശ്രിതരുടെയും സ്വത്തില്‍ രണ്ടു വര്‍ഷംകൊണ്ട് 447 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ധനവ്.
നിലമ്പൂരില്‍ എം.എല്‍.എയായി മത്സരിക്കുമ്പോള്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സ്വത്തുവിവരങ്ങളില്‍ 14.38 കോടി ആസ്തിയാണ് ഉണ്ടായിരുന്നത്. എം.എല്‍.എയായി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ അന്‍വറിനും രണ്ടു ഭാര്യമാര്‍ക്കുമായി 65 കോടിയുടെ സ്വത്താണുള്ളത്. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
അന്‍വറിന്റെ മാത്രം സ്വത്തില്‍ മൂന്നര ഇരട്ടിയിലേറെ വര്‍ധിച്ച് 49.95 കോടി രൂപയായിരിക്കുകയാണ്. നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ സത്യ വാങ്മൂലത്തില്‍ നിന്നും മറച്ചുവെച്ച പി.വി ഹഫ്‌സത്ത് എന്ന രണ്ടാം ഭാര്യയുടെ സ്വത്തുക്കളും കൂടിവരുമ്പോള്‍ രണ്ടു ഭാര്യമാര്‍ക്കായി 15.1 കോടിയുടെ സ്വത്താണുള്ളത്.
നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ അന്‍വറിന്റെ ആസ്തിയായി കാണിച്ച 14.38 കോടിയേക്കാള്‍ വരും ഭാര്യമാരായ ഷീജയുടെയും ഹഫ്‌സത്തിന്റെയും ചേര്‍ന്നുള്ള ഇപ്പോഴത്തെ ആസ്തി. ഇരുവരുടെയും പക്കല്‍ 150 പവന്‍ വീതം സ്വര്‍ണവും ആശ്രിതയായ മകള്‍ പി.വി ഫാത്തിമയുടെ പക്കല്‍ 80 ഗ്രാം സ്വര്‍ണവുമുണ്ട്.
നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെ പേരും സ്വത്തുവിവരങ്ങളും മറച്ചുവെച്ചിരുന്നു. കക്കാടംപൊയിലിലെ പീവീആര്‍ വാട്ടര്‍തീം പാര്‍ക്കിന്റെ മാനേജിങ് പാര്‍ടണര്‍ അന്‍വറും, പാര്‍ട്ണര്‍ ഹഫ്‌സത്തുമായിരുന്നു.
ഹൈക്കോടതിയില്‍ കേസുവന്നപ്പോഴാണ് 2017ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹഫ്‌സത്ത് ഭാര്യയാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയത്. ആദായനികുതി റിട്ടേണില്‍ 2017-18 വര്‍ഷത്തില്‍ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയില്‍ 447 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരിക്കുന്നത്.
എം.എല്‍.എയായ ശേഷം 2016-17ല്‍ 59,37,042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വര്‍ഷംകൊണ്ട് 19 കോടി രൂപ മുതല്‍ മുടക്ക് നടത്തുകയും ചെയ്തു.
2016 ല്‍ കടബാധ്യതയായി ഉണ്ടായിരുന്ന 5.25 കോടിയുടെ ബാങ്ക് ലോണില്‍ 1.30 കോടി തിരിച്ചടച്ച് ബാങ്കിലെ കടബാധ്യത 3.96 കോടിയായി കുറച്ചു.
പീവീസ് റിയല്‍റ്റേഴ്‌സില്‍ 2.77 കോടി പുതുതായി മുതല്‍ മുടക്കി. ഗ്രീന്‍സ് ഇന്ത്യ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 60,000 രൂപയും എടവണ്ണ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഒരുലക്ഷം രൂപയും മുടക്കി.
അതേസമയം, സഹോദരന്‍ പി.വി അജ്മലില്‍ നിന്നും 4.13 കോടി രൂപയും നജീബില്‍ നിന്നും 56 ലക്ഷം രൂപയും കടംവാങ്ങിയതായും സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുണ്ട്. 1.6 കോടി രൂപ കടം നല്‍കിയ വകയില്‍ കിട്ടാനുണ്ട്. 2016ല്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ 10 വര്‍ഷം അന്‍വര്‍ ആദായനികുതി അടച്ചിരുന്നില്ല. 2014-15 വര്‍ഷത്തില്‍ 4,63,431 രൂപ വരുമാനം കാണിച്ചിരുന്നെങ്കിലും പുതിയ പത്രികയില്‍ ആ വര്‍ഷം 12,20,868 രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14ല്‍ 6,43,140 രൂപയുടെ വരുമാന നഷ്ടവും കാണിച്ചിട്ടുണ്ട്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ പി.വി അന്‍വറിനെതിരെ നിലവില്‍ ആദായനികുതിവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. പുതിയ പത്രികയിലെ സ്വത്തുവിവരങ്ങളും ആദായനികുതിയിലെ പൊരുത്തക്കേടുകളും അന്‍വറിന് ഇനി പുതിയ കുരുക്കാവും.
ഇടതു സഹയാത്രികനായ ദുബായിലെ എന്‍ജിനീയര്‍ സലീം നടുത്തൊടിയില്‍ നിന്നും ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയതില്‍ മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഐ.പി.സി 420 വകുപ്പ് ചുമത്തി 588/2017 ആയി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും നാമനിര്‍ദ്ദേശ പത്രികയില്‍ അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്‍വറിനെതിരെ മഞ്ചേരി പോലീസ് വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സിവില്‍ കേസാക്കി അട്ടിമറിക്കാനും ശ്രമിച്ചിരുന്നു. പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായുള്ള സലീമിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന അന്‍വറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. നിലവില്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തിലാണ് അന്‍വറിനെതിരെ അന്വേഷണം നടക്കുന്നത്.
ഇതിന് മുന്‍പ് പൂക്കോട്ടുംപാടത്ത് റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചതില്‍ പൂക്കോട്ടുംപാടം പോലീസ് 349/ 2016 ആയി അന്‍വറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തെങ്കിലും പോലീസ് കേസ് റഫര്‍ ചെയ്യുകയായിരുന്നു. അതിനാല്‍ ഈ കേസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പോലീസ് കേസ് റഫര്‍ ചെയതതിനെതിരെ മുരുകേഷ് നരേന്ദ്രന്‍, ഭാര്യ ജയമുരുഗേഷ് എന്നിവര്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
political reporter