മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണപൊളിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവുനേടിയ മാധ്യമ പ്രവര്‍ത്തകനെതിരെ എം.എല്‍.എയുടെ പരാതിയില്‍ വധശ്രമഗൂഢാലോചനക്ക് കേസെടുത്ത സംഭവം വിവാദത്തിലേക്ക്. അന്‍വര്‍ എം.എല്‍.എ ഗൂഢാലോചന നടത്തിയാണ് വ്യാജപരാതി നല്‍കി കേസില്‍കുടുക്കിയതെന്ന മാധ്യമപ്രവര്‍ത്തകന്‍ എം.പി വിനോദിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് നിര്‍ദ്ദേശം നല്‍കി.
എം.എല്‍.എയും അദ്ദേഹത്തിന്റെ സഹായി എം.കെ സിയാദും കക്കാടംപൊയിലില്‍ തന്നെ ആക്രമിച്ച കേസിലെ പ്രതികളായ കൈനോട്ട് അന്‍വര്‍, വള്ളിക്കാടന്‍ മുഹമ്മദ് താരീഖ് എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് കേസില്‍ പ്രതിയാക്കിയതെന്നാണ് വിനോദിന്റെ പരാതി. പി.വി അന്‍വര്‍ എം.എല്‍.എയില്‍ നിന്നും അദ്ദേഹത്തിന്റെ ഗുണ്ടകളില്‍ നിന്നും വിനോദിനും കുടുംബത്തിനും ഹൈക്കോടതി 2019 ഒക്ടോബര്‍ 30തിന് സായുധ പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു.
വിനോദിനെ വെട്ടികൊലപ്പെടുത്താന്‍ എം.എല്‍.എ ക്വട്ടേഷന്‍ നല്‍കിയെന്ന ക്രിമിനല്‍ കേസ് പ്രതിയുടെ ഓഡിയോ സംഭാഷണമടങ്ങിയ പരാതിയും കക്കാടംപൊയിലില്‍ വച്ചുണ്ടായ അക്രമവും പരിഗണിച്ചാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കിയിരുന്നത്. ഇതുപോലും കണക്കിലെടുക്കാതെയാണ് പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂക്കോട്ടുംപാടം പോലീസ് വിനോദിനെ നാലാം പ്രതിയാക്കി കേസെടുത്തത്.
സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്‍, ഭാര്യ ജയ മുരുഗേഷ്, യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, മൂര്‍ഖന്‍ ഷറഫുദ്ദീന്‍, കണ്ണൂര്‍ സ്വദേശികളായ ലിനീഷ്, ജിഷ്ണു, വിപിന്‍, അഭിലാഷ് എന്നിരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പാട്ടക്കരിമ്പ് റീഗള്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, ജയ മുരുഗേഷ് എന്നിവര്‍ ഇവരുടെ ബന്ധുവായ മുരുഗേഷ് പ്രഭാകരനുമായി തര്‍ക്കമുണ്ടായിരുന്നു. താന്‍ മുരുഗേഷ് പ്രഭാകരനെ സഹായിച്ചതിലുള്ള വിരോധമാണ് വധിക്കാനുള്ള ഗൂഢാലോചനക്ക് പ്രേരണയെന്നാണ് എം.എല്‍.എയുടെ പരാതിയില്‍ പറയുന്നത്.
കണ്ണൂരില്‍ നിന്നും നാലംഗ ക്രിമിനല്‍ സംഘം ബോംബുകളും മാരകായുധങ്ങളുമായാണ് എത്തിയതെന്ന് കാണിച്ച് കഴിഞ്ഞ മാസം 29ന് എം.എല്‍.എ നല്‍കിയ പരാതിയില്‍ ഇതുവരെ ആരെയും പോലീസ് അറ്സറ്റ് ചെയ്തിട്ടില്ല. എസ്റ്റേറ്റിലുണ്ടായ വാക് തര്‍ക്കത്തില്‍ മുരുഗേഷ് നരേന്ദ്രന്റെ മാനേജരെയുംതൊഴിലാളികളെയും എം.എല്‍.എയുടെ ആളുകളെയും 27ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് വൈകുന്നേരം ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തശേഷം വിട്ടയച്ചു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് എം.എല്‍.എ വധഗൂഢാലോചന പരാതിയുമായി രംഗത്തെത്തിയത്.
നിലമ്പൂരിന്റെ ആദ്യ എം.എല്‍.എ സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പി.വി അന്‍വര്‍ ഗൂഢാലോചന നടത്തി വ്യാജപരാതി നല്‍കി കേസില്‍ കുടുക്കിയതെന്നാണ് വിനോദിന്റെ പരാതി. അനധികൃത തടയണക്കെതിരെ വാര്‍ത്ത നല്‍കിയതിന് കയ്യുംകാലും വെട്ടുമെന്ന് 2017ല്‍ അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക് സെക്യൂരിറ്റി മാനേജര്‍ വിനോദിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തടയണക്കെതിരെ വിനോദ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
വിദഗ്ദസമിതിയെ നിയോഗിച്ച് തെളിവെടുപ്പും അന്വേഷണവും നടത്തിയ കളക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫിന്റെ ഹരജിയില്‍ തടയണപൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസില്‍ വിനോദ് കക്ഷിചേര്‍ന്നതോടെയാണ് വിശദവാദങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഹരജി തള്ളി കളക്ടറുടെ ഉത്തരവ് ശരിവെച്ച് തടയണ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
തടയണയോടുചേര്‍ന്നുള്ള നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കാനും നിയമവിരുദ്ധമായ ഒരു നിര്‍മ്മാണവും ഇവിടെ അനുവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഹോട്ടലും ലോഡ്ജും പണിയാനുള്ള ബില്‍ഡിങ് പെര്‍മിറ്റ് നേടിയ ശേഷം നിയമവിരുദ്ധമായി തടയണക്ക് കുറുകെ റോപ് വേ പണിത സംഭവത്തില്‍ വിനോദിന്റെ പരാതിയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാനും 2018ല്‍ 450/2018 ആയി കേസെടുത്തിട്ടുണ്ട്.