എല്‍.ഡി.എഫിന് കിട്ടികൊണ്ടിരുന്ന വോട്ടുകള്‍ മറുഭാഗത്തേക്ക് പോയെന്ന് പി.വി അന്‍വര്‍

നിലമ്പൂര്‍ : കാലങ്ങളായി എല്‍.ഡി.എഫിന് കിട്ടികൊണ്ടിരുന്ന വോട്ടുകള്‍ മറുഭാഗത്തേക്ക് പോയെന്ന് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി.വി അന്‍വര്‍. ഏത് ഭാഗത്ത് നിന്നാണ് ചോര്‍ച്ചയുണ്ടായതെന്ന് സി.പി.എം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍ 8,71592 വോട്ട് പോള്‍ ചെയ്തപ്പോള്‍ 3,53093 വോട്ട് നേടിയ എല്‍.ഡി.എഫിന് 10,16815 വോട്ട് പോള്‍ ചെയ്ത ഇത്തവണ കിട്ടിയത് 3,28208 വോട്ട് മാത്രമാണ്. പി.വി അന്‍വറിന് ലീഡ് പ്രതീക്ഷിച്ച താനൂരിലും, തൃത്താലയിലും പിന്നില്‍ പോയി. പാര്‍ട്ടി വോട്ടിലടക്കമുണ്ടായ ചോര്‍ച്ചയാണ് പൊന്നാനിയില്‍ പി.വി അന്‍വറിന്റെ കനത്ത പരാജയത്തിന് കാരണമെന്ന് സി.പി.എമ്മും വിലയിരുത്തിയിരുന്നു.

പൊന്നാനിയില്‍ 9739 വോട്ട് ലീഡ് കിട്ടിയത് ഇ.ടി മുഹമ്മദ് ബഷീറിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. 12354 വോട്ട് മന്ത്രി കെ.ടി ജലീലിന്റെ മണ്ഡലത്തിലും ഇ.ടി നേടി. ഏഴ് പഞ്ചായത്തുകളില്‍ എടപ്പാള്‍ ഒഴികയുള്ള ആറിലും യു.ഡി.എഫിനായിരുന്നു ലീഡ്.

Top