നിലമ്പൂര്‍: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ അനധികൃതമായി കെട്ടിയ കൃത്രിമ തടാകത്തില്‍ നിന്നും ജലമൂറ്റുന്നത് എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലേക്ക്.
നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ച് ഗുണ്ടാ സംഘത്തിന്റെ കാവലിലാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളം കടത്തുന്നത്.
നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ പാര്‍ക്കിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേക റോഡ് നിര്‍മ്മിച്ചാണ് ചീങ്കണ്ണിപ്പാലിയില്‍ നിന്നും ലോറിയില്‍ വെള്ളം കടത്തുന്നത്. ചീങ്കണ്ണിപ്പാലി കോളനിയിലെ ആദിവാസികള്‍ക്കും വന്യജീവികളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കാട്ടരുവിയാണ് തടയണകെട്ടി തടഞ്ഞിട്ടുള്ളത്.
നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത പാര്‍ക്കില്‍ 50 രൂപ പ്രവേശന ഫീസ് ഈടാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2000 അടിയിലേറെ ഉയരമുള്ള പരിസ്ഥിതി ലോല പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് നിര്‍മ്മാണം നടത്തുന്നത്.
മലയുടെ വശം ഇടിച്ചാണ് വെള്ളം തടഞ്ഞുനിര്‍ത്തി വാട്ടര്‍റെയ്ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് മലയിടിച്ചില്‍ അടക്കമുള്ള ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്ററോളം അകലെയാണ് 40 ഏക്കര്‍ ഭൂമിയില്‍ മലയിടിച്ച് കൃത്രിമതടാകം കെട്ടിയിട്ടുള്ളത്.
(ചീങ്കണ്ണിപ്പാലിയില്‍ നിയമവിരുദ്ധമായി മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടി നിര്‍മ്മിച്ച കൃത്രിമതടാകം)
ചീങ്കണ്ണിപ്പാലിയിലെ കാട്ടരുവിയില്‍ മലയിടിച്ച് തടയണകെട്ടിയത് നിയമവിരുദ്ധമാണെന്നു കണ്ടെത്തി രണ്ടു വര്‍ഷം മുമ്പ് കളക്ടര്‍ ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നു. എന്നാല്‍ കളക്ടറുടെ ഉത്തരവ് കാറ്റില്‍പ്പറത്തി ഗുണ്ടാസംഘത്തെ കാവല്‍ നിര്‍ത്തി അധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇവിടെ പുനരാരംഭിച്ചിട്ടുണ്ട്.
അന്യര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചും പ്രദേശവാസികള്‍ക്കുപോലും പ്രവേശനം നിഷേധിച്ചുമാണ് കനത്ത സുരക്ഷയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. പ്രവേശനകവാടത്തോട് ചേര്‍ന്ന് ടിക്കറ്റ് കൗണ്ടറും ഓഫീസും തടാകത്തിന്റെ മറുകരയില്‍ റോപ്പ് വേ സംവിധാനത്തോട് കൂടിയ നിര്‍മ്മാണങ്ങളാണ് ഇവിടെ നടത്തുന്നത്. മറുകരയിലെ നിര്‍മ്മാണ സ്ഥലത്തേക്ക് പ്രത്യേക റോഡും വെട്ടിയിട്ടുണ്ട്. ചീങ്കണ്ണിപ്പാലിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ബില്‍ഡിങ് വിഭാഗം അറിയിച്ചു.
മൈനിങ് ജിയോളജി വകുപ്പടക്കമുള്ള ഏജന്‍സികളുടെ അനുമതികളൊന്നുമില്ലാതെയായിരുന്നു നേരത്തെ കാട്ടരുവിയില്‍ തടയണകെട്ടി കൃത്രിമതടാകമുണ്ടാക്കിയത്. തടാകത്തിന്റെ വശങ്ങളില്‍ കരിങ്കല്‍ഭിത്തികെട്ടുകയും ബോട്ടു ജെട്ടിക്കായി കോണ്‍ക്രീറ്റ് കാലുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ആദിവാസികളടക്കമുള്ളവരുടെ കുടിവെള്ളം തടസപ്പെടുത്തിയാണ് അനധികൃതമായി മലയിടിച്ച് തടയണകെട്ടിയതെന്ന മുന്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം മുമ്പ് അന്നത്തെ കളക്ടര്‍ ടി.ഭാസ്‌ക്കരനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഉത്തരവിട്ടത്.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും ഇടതുസ്വതന്ത്രനായി വിജയിച്ചശേഷം ടൂറിസം ലോബി തടാകത്തില്‍ അഞ്ചു ബോട്ടുകള്‍ ഇറക്കി ബോട്ട് സര്‍വീസിനു തുടക്കമിട്ടു. ഇതു വാര്‍ത്തയായതോടെ അന്നത്തെ കളക്ടര്‍ എ. ഷൈനാമോള്‍ അന്വേഷണത്തിനുത്തരവിട്ടിരുന്നു. ഇതോടെ ബോട്ടുകള്‍ നീക്കം ചെയ്ത് ടൂറിസം മാഫിയ പിന്‍വാങ്ങി.
തഹസില്‍ദാരും നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടല്‍അരശനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അഞ്ചു മാസം വൈകിപ്പിച്ചാണ് ഡി.എഫ്.ഒ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറിയത്. എന്നാല്‍ റവന്യൂ, വനം വകുപ്പ് റിപ്പോര്‍ട്ടുകള്‍ കളവാണെന്നു തെളിയിച്ചുകൊണ്ടാണ് രാഷ്ട്രീയ സ്വാധീനവും ഗുണ്ടാബലവും ഉപയോഗിച്ച് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
40 ഏക്കര്‍ പ്രദേശത്താണ് മലയിടിച്ച് കാട്ടരുവിയുടെ ഒഴുക്കു തടഞ്ഞ് കൃത്രിമതടാകം കെട്ടിയിട്ടുള്ളത്. മലചുറ്റി അര കിലോമീറ്ററിലേറെ ബോട്ടു സവാരി നടത്താവുന്ന തരത്തിലാണ് തടാകം ഒരുക്കിയിട്ടുള്ളത്. കടുത്ത വേനലിലും രണ്ടാള്‍പൊക്കത്തില്‍ ശുദ്ധജലമാണ് ഇപ്പോഴും തടാകത്തിലുള്ളത്.
അനധികൃത നിര്‍മ്മാണമെന്നു കണ്ടെത്തിയെങ്കിലും ഇതു തുറന്നുവിടാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.