സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി.സാമിയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന പി.വി.സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക്.
പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞെടുത്തത്, മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി.,ഡോ.സി.കെ.രാമചന്ദ്രന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയിട്ടുള്ള മമ്മൂട്ടി, 1998ല്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.
മലയാളം കമ്മ്യുണിക്കേഷന്‍സ് ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി, പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡര്‍, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈ ട്രീ ചാലഞ്ച് തുടങ്ങി ഒട്ടേറെ സന്നദ്ധസംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
സെപ്തംബര്‍ ഒന്നിന് കോഴിക്കോട് ടാഗോര്‍സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി.വാസുദേവന്‍നായരാണ് മലയാളത്തിന്റെ പ്രിയ നടന് പുരസ്‌കാരം സമ്മാനിക്കുന്നത്. അവാര്‍ഡ്ദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം ചെയ്യുന്നത്. എം.പി.വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷതവഹിക്കും.