ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റൺ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും. ലോക 12-ാം നമ്പര്‍ താരമായ തായ്‌ലന്‍ഡിന്റെ ബുസാനനെ കീഴടക്കിയാണ് ലോകചാമ്പ്യനായ സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്‌കോര്‍: 21-17, 21-13.
കഴിഞ്ഞയാഴ്ച നടന്ന തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്നും താരം ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഡെന്‍മാര്‍ക്കിന്റെ സീഡില്ലാതാരം മിയ ബ്ലിച്ച് ഫെല്‍ഡിനോടാണ് സിന്ധു അന്ന് തോല്‍വി വഴങ്ങിയത്. ഇതുവരെ 12 തവണ ബുസാനനുമായി ഏറ്റുമുട്ടിയപ്പോള്‍ 11 തവണയും സിന്ധുവാണ് വിജയം സ്വന്തമാക്കിയത്.
മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ ശ്രീകാന്ത് തായ്‌ലന്‍ഡിന്റെ സിറ്റിഹ്‌കോം തമ്മസിനിനെയാണ് കീഴടക്കിയത്. സ്‌കോര്‍: 21-11, 21-11. ശ്രീകാന്തിനും കഴിഞ്ഞയാഴ്ച നടന്ന തായ്‌ലന്‍ഡ് ഓപ്പണില്‍ കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. കാലിനേറ്റ പരിക്കുമൂലം താരം രണ്ടാം റൗണ്ടില്‍ നിന്നും പിന്മാറുകയായിരുന്നു.