ബീജിംങ്: ഇന്ത്യയുടെ പി വി സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍. സൈന നെഹ്‌വാളിന്റെ പോരാട്ടം ആദ്യറൗണ്ടില്‍ അവസാനിച്ചു. ദക്ഷിണ കൊറിയന്‍ താരം സുന്‍ ജി ഹൈനോട് 22-20, 8-21, 14-21 എന്ന സ്‌കോറിന് തോറ്റാണ് സൈന പുറത്തായത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് നേടിയ സൈന അടുത്ത രണ്ടു സെറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു.
ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ സിന്ധു സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ സെന കവാക്കാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-15, 21-13. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ച വെച്ചെങ്കിലും പിന്നീട് സിന്ധു ആധിപത്യം തിരിച്ചുപിടിച്ചു.
രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 6 – 0ന് സിന്ധു മുന്നിലെത്തിയെങ്കിലും സ്‌കോര്‍ 8 -10ല്‍ എത്തിച്ച് കവാക്കാമി ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ ബ്രേക്കിനു ശേഷം ശക്തമായി തിരിച്ചു വന്ന സിന്ധു ആദ്യം 15-11നും പിന്നീട് 20-12നും മുന്നിലെത്തി. സൈന 2014ല്‍ ഇവിടെ കിരീടം നേടിയിരുന്നു. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയി എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷയുള്ളത്.