കൊവിഡ് 19: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് സഹായഹസ്തവുമായി പി.വി.സിന്ധു

ഹൈദരാബാദ്: ആഗോളതലത്തില്‍ 21,000 ത്തോളം പേരുടെ ജീവനെടുത്ത കോവിഡ് -19 പകര്‍ച്ചവ്യാധിയെ നേരിടാന്‍ കായിക ലോകത്തുനിന്നും നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്ത് വരുന്നത്. ഇപ്പോഴിതാ ലോക ചാമ്പ്യന്‍ ഷട്ട്‌ലര്‍ പി വി സിന്ധു ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപവീതമാണ് സംഭാവന നല്‍കിയത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് -19 നെതിരെ പോരാടുന്നതിന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിക്ക് 5,00,000 രൂപ വീതം (അഞ്ച് ലക്ഷം രൂപ) ഞാന്‍ സംഭാവന ചെയ്യുന്നു, ”സിന്ധു ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുെ കൊറോണക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു സിന്ധു. കോവിഡ്-19 ആശങ്കകളെ തുടര്‍ന്ന് ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിയിരുന്നു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് സിന്ധു.

ഇന്ത്യയില്‍ ഇതുവരെ 600ഓളം കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

വൈറസ് പടരുന്നത് തടയാന്‍ 21 ദിവസത്തേയ്ക്ക് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top