ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പ്രീക്വാര്‍ട്ടറില്‍

ഷ്യന്‍ ഗെയിംസില്‍ എതിരാളികളെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി സ്റ്റാര്‍ ഇന്ത്യന്‍ ഷട്ടര്‍മാരായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ലോക 21-ാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ വെ ചി ഹ്‌സുവിനെ 21-10, 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് മുന്‍ ലോക ചാമ്പ്യന്‍ സിന്ധു മുന്നേറിയത്. ഈ മാസം ആദ്യം ദുബായില്‍ നടന്ന ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു ഹ്‌സുവിനെതിരെ അവസാനമായി കളിച്ചത്. ഇന്തോനേഷ്യയുടെ പുത്രി കുസുമ വര്‍ദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാങ് കാ വിങ്ങിനെയോ ആണ് സിന്ധു അടുത്ത എതിരാളി.

മംഗോളിയയുടെ ബറ്റ്ദാവ മുന്‍ഖ്ബത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍ 21-9, 21-12. അടുത്ത റൗണ്ടില്‍ ജോര്‍ദാന്റെ ബഹാദിന്‍ അഹമ്മദ് അല്‍ഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആയിരിക്കും പ്രണോയിയുടെ എതിരാളി.

 

 

Top