ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കി പിവി സിന്ധു, മാരിനെ നേരിടും

നാന്‍ജിങ്: ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനതാരം പി.വി. സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍.

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു ജയിച്ചെങ്കിലും ആവേശകരമായിരുന്നു യഗമൂച്ചിക്കെതിരായ മല്‍സരം.

ആദ്യ ഗെയിം സിന്ധു കാര്യമായ പോരാട്ടം കൂടാതെ 21-16ന് സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കളി മാറി.

തുടര്‍ച്ചയായി പോയിന്റുകള്‍ വാരിക്കൂട്ടി മുന്നേറിയ ജാപ്പനീസ് താരം ഒരു ഘട്ടത്തില്‍ 8-4ന് ലീഡെടുത്തിരുന്നു. തിരിച്ചടിച്ച സിന്ധു 7-8 എന്ന നിലയിലേക്ക് എത്തിച്ചെങ്കിലും യഗമൂച്ചി വീണ്ടും മുന്നില്‍ക്കയറി.

10-7, 11-8, 12-9, 13-10, 15-12, 17-12, 19-13 എന്നിങ്ങനെ മുന്നേറിയ ജാപ്പനീസ് താരം ഗെയിം സ്വന്തമാക്കുമെന്ന തോന്നലുയര്‍ന്നു.

എന്നാല്‍, ഗെയിം കൈവിടുന്നതിന്റെ വക്കില്‍ നിന്നും തിരിച്ചടിച്ച സിന്ധു മല്‍സരത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി 20-19ന് സിന്ധു ലീഡെടുത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിന്ധു 24-22ന് ഗെയിം സ്വന്തമാക്കി. സ്‌കോര്‍: 21-16, 24-22.

റിയോ ഒളിംപിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ വീഴ്ത്തി സെമിയിലെത്തിയ മാരിന്‍, ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയെ 21-17, 21-19ന് തോല്‍പിച്ചാണ് സിന്ധു സെമി ടിക്കറ്റ് നേടിയത്.

Top