കൊച്ചി:പിവി ശ്രീനിജിൻ എംഎൽഎയ്ക്ക് എതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിൻമാറി.സാബു എം ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയത്.എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം 6 പേർ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോൾ പിൻമാറുകയാണെന്ന് ജഡ്ജ് അറിയിച്ചു.ഹർജി ഇന്ന് തന്നെ മറ്റൊരു ബഞ്ച് പരിഗണിക്കും.ഹർജിക്കാരൻറെ അഭിഭാഷകൻറെ ആവശ്യപ്രകാരമാണ് നടപടി.
ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻറെ മൊഴി പൊലീസ് രേഖപെടുത്തി. പുത്തൻകുരിശ് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത് .കൂടുതൽ സാക്ഷികളെ എംഎൽഎ നിർദേശിച്ചതായും ഇവരിൽ നിന്നും മൊഴി എടുത്ത ശേഷമാകും പ്രതികളുടെ ചോദ്യം ചെയ്യലെന്നും പോലീസ് വ്യക്തമാക്കി.എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎ യെ ജാതിയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ കേസിൽ ആകെ ആറ് പ്രതികൾ ആണ് ഉള്ളത്.രാഷ്ട്രീയ കക്ഷികളോടുള്ള പാർട്ടി നിലപാടാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം.സാബു എം ജേക്കബിൻറേത് ബാലിശമായ നിലപാട് എന്നും സമൂഹ വിലക്ക് ഏർപ്പെടുത്തുന്ന പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു