തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന് ലിവര്‍ സിറോസിസ് ഉണ്ടായിരുന്നതായി എംഎല്‍എ പിവി ശ്രീനിജന്‍. മരണത്തില്‍ താന്‍ അനുശോചിക്കുന്നു. സംഘര്‍ഷമുണ്ടായതായി ദീപു ഡോക്ടര്‍മാരോട് പറഞ്ഞിട്ടില്ല. കസ്റ്റഡിയില്‍ ഉള്ളവര്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കില്‍ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വസ്തുതകള്‍ പുറത്ത് വരട്ടെയെന്ന് പറഞ്ഞ അദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി ലഭ്യമാകട്ടെയെന്ന് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷമുണ്ടായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സംഘര്‍ഷം നടന്നെന്ന് ആരോപിക്കുന്ന ദിവസം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്.
സംഘര്‍ഷം ഉണ്ടായതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ദീപു മൊഴി നല്‍കിയിട്ടില്ല. അന്വേഷണം നടക്കട്ടെ. കസ്റ്റഡിയില്‍ ഉള്ളവര്‍ പ്രതികളെങ്കില്‍ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് തന്റെ നിലപാട്. അതല്ല, സിപിഎം പ്രവര്‍ത്തകരെ ബോധപൂര്‍വം പ്രതികളാക്കാന്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണെങ്കില്‍ ശക്തമായി പ്രതിരോധിക്കും. സംഭവത്തില്‍ ആസൂത്രിതമായി വാര്‍ത്ത സൃഷ്ടിച്ചെന്ന് സംശയിക്കുന്നതായും പിവി ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു.